ഓണം കഴിഞ്ഞുള്ള ആലസ്യത്തില്‍ വാര്‍ത്തകളുടെ ചാകരകൊയ്ത്തില്ല; കെട്ടുകാഴ്ചകളുടെ പൂരവും നാടകീയാവതരണ സാധ്യതകളും മിന്നിയില്ല; വാര്‍ത്തകളെ എന്റര്‍ടെയ്ന്‍മെന്റാക്കുന്ന റിപ്പോര്‍ട്ടറിനും 24 ന്യൂസിനും ക്ഷീണം തുടരുന്നു; ബാര്‍ക്ക് റേറ്റിങ്ങില്‍ പോയവാരവും 'നേരോടെ നിര്‍ഭയം' ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നില്‍
ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നില്‍
തിരുവനന്തപുരം: ഓണം അടിച്ചുപൊളിച്ച് മലയാളികള്‍ ജോലിത്തിരക്കിലേക്ക് നീങ്ങിയ ആഴ്ചയില്‍ ടെലിവിഷന്‍ ചാനലുകള്‍ റേറ്റിങ്ങില്‍ ഉഷാറായില്ല. രാജ്യാന്തര തലത്തില്‍ വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപിന്റെ പ്രിയപ്പെട്ടവനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകവും, ഖത്തറിലെ ഇസ്രയേല്‍ ആക്രമണവും മുതല്‍ പ്രാദേശിക തലത്തില്‍ പഴയ കസ്റ്റഡി മര്‍ദ്ദനങ്ങളുടെ അലയൊലികളും, കോയിപ്രം സൈക്കോ പീഡനവും, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ഹാജരാകുമോ എന്നുള്ള ആകാംക്ഷയും വരെ നിറഞ്ഞു നിന്നെങ്കിലും ചാനലുകള്‍ക്ക് ചാകരയായില്ല. ബാര്‍ക് റേറ്റിങ്ങില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോഴും, പോയവാരം( 36ാം ആഴ്ച) ചാനലുകളിലേക്ക് കാഴ്ചക്കാരുടെ കുത്തൊഴുക്കുണ്ടായില്ല. സ്വാഭാവികമായും റേറ്റിങ്ങില്‍ അത് പ്രതിഫലിച്ചു. ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളുടെയും പോയിന്റ് കുറഞ്ഞു.
ഓണക്കാലത്തെ പോലെ തന്നെ പോയവാരവും, ഏഷ്യാനെറ്റിന്റെ കുത്തക അട്ടിമറിക്കാന്‍ പോയിട്ട് അടുത്തെത്താന്‍ പോലും മറ്റുചാനലുകള്‍ക്കായില്ല. മലയാളികളുടെ പ്രിയ വാര്‍ത്താചാനലായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തുടരുകയാണ്.
36ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ 84 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതായി തുടരുകയാണ്. 35 ാം ആഴ്ച 88 പോയിന്റായിരുന്നു ഏഷ്യാനെറ്റിന്. രണ്ടും മൂന്നും സ്ഥാനത്തുള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാര്‍ത്താ ചാനല്‍. വലിയ വാര്‍ത്തകളില്ലാതെ കടന്നുപോയ ആഴ്ച്ചകളായിരുന്നു കടന്നുപോയത്. ഇതോടെ സ്വാഭാവികമായും മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് തന്നെ മേല്‍ക്കൈ നല്‍കി. മലയാളികള്‍ വിശ്വസിക്കുന്ന ചാനലെന്നതാണ് ഏഷ്യാനെറ്റിനെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്.
റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 68 പോയിന്റാണുള്ളത്. ഏഷ്യാനെറ്റിനെ അട്ടിമറിക്കാന്‍ കുറുക്കുവഴികള്‍ അടക്കം പയറ്റിയെങ്കിലും സമീപകാലത്തായി അവര്‍ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വിഎസ് അച്യുതാനന്ദന്‍ മരിച്ച വാരമാണ് റിപ്പോര്‍ട്ടര്‍ മുന്നിലെത്തിയിരുന്നത്. അതിന് ശേഷം വലിയ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
48 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ്് ബഹുദൂരം പിന്നിലായി. 35 ാം വാരം നാലാം സ്ഥാനത്തേക്ക് തിരികെ കയറി മനോരമ ന്യൂസിന് അതുനിലനിര്‍ത്താന്‍ സാധിച്ചു. മനോരമയ്ക്ക് 38 പോയിന്റുളളപ്പോള്‍, 33 പോയിന്റുമായി മാതൃഭൂമി അഞ്ചാം സ്ഥാനത്താണ്. 34 ാം വാരം നാലാം സ്ഥാനത്തെത്തിയ ന്യൂസ് മലയാളം ചാനല്‍ പിന്നോട്ടുപോയി. എന്തായാലും നാലാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് മത്സരമാണ് മൂന്ന് ചാനലുകള്‍ തമ്മിലുള്ളത്. ന്യൂസ് മലയാളത്തിന് 29 പോയിന്റാണുള്ളത്.
ജനം ടിവി 20 പോയിന്റുമായി ഏഴാം സ്ഥാനത്തും കൈരളി ന്യൂസ് 13 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണുള്ളത്. ന്യൂസ് 18 കേരള 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും മീഡിയ വണ്‍ 7 പോയിന്റുമായി പത്താം സ്ഥാനത്തുമാണുള്ളത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികള്‍ വാര്‍ത്തകള്‍ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാര്‍ക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്ന കാര്യം.
മലയാളിക്ക് ആധികാരിക വാര്‍ത്തകള്‍ക്ക് ഏത് ചാനല്‍ കാണണം എന്നതില്‍ ഒരു സംശയവും ഉണ്ടായില്ല. കാല്‍ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാര്‍ത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. പണം വാരിയെറിഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്തു വാങ്ങിയതിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി മുന്നോട്ടു കയറിയത്.
ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാന്‍ കോടികള്‍ ഇറക്കിയായിരുന്നു കേരളാ വിഷനില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്ത്രം പയറ്റിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ലാന്‍ഡിംഗ് പേജ് റിപ്പോര്‍ട്ടര്‍ വാങ്ങിയത്. ഇതോടെ ടിവി ഓണ്‍ചെയ്താല്‍ ആദ്യം എത്തുക റിപ്പോര്‍ട്ടര്‍ ചാനലാണ്. ഇതോടെയാണ് റിപ്പോര്‍ട്ടര്‍ മുന്നോട്ടു പോയത്. വാര്‍ത്തയെ പൊലിപ്പിച്ചു കൊണ്ടുള്ള വാര്‍ത്താ ശൈലിയാണ് റിപ്പോര്‍ട്ടറിന്. ഈ ശൈലിക്ക് അടിതെറ്റുന്നുവെന്നാണ് ബാര്‍ക്ക് റേറ്റിംഗില്‍ നിന്നും വ്യക്തമാകുന്നത്.