മുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു: രാഹുലിന്റെ പത്മകുമാര്‍ സര്‍, വാസു സര്‍ വിളി കേട്ട് സഹിക്കാതെ വിനു വി ജോണ്‍; ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ മിസ്റ്റര്‍ പപ്പന്‍ എന്നുവിളിക്കാന്‍ പറ്റില്ലല്ലോ എന്ന് രാഹുലും; ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര്‍ വിളി വൈറലായപ്പോള്‍
ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര്‍ വിളി വൈറലായപ്പോള്‍
തിരുവനന്തപുരം: ശബരിമല കട്ടിപ്പാളി സ്വര്‍ണ കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍, വല്ലാതെ വിഷമിച്ചവരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറായിരിക്കും. പത്മകുമാര്‍ സാര്‍, വാസു സര്‍ എന്നൊക്കെയേ അവരെ വിളിക്കാന്‍ രാഹുലിന് സാധിക്കുകയുള്ളു. 'അദ്ദേഹത്തിന്റെ ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാന്‍ തരാം എന്ന് പറഞ്ഞ, ശബരിമല വിധി വന്നപ്പോള്‍ കണ്ണീരണിഞ്ഞ ഒരു മനുഷ്യന്‍.. ഒരു വശത്തു മുഖ്യമന്ത്രി ശ്രീ പിണറായിയെ മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച ഒരു സഖാവ് ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമാണ് ...' രാഹുല്‍, പത്മകുമാറിന്റെ അറസ്റ്റിനെ കുറിച്ച് പോസ്റ്റില്‍ കുറിച്ചു. രാഹുലിന് ദേവസ്വം ബോര്‍ഡിലെ മുന്‍ പ്രസിഡന്റുമാരെയൊക്കെ വര്‍ഷങ്ങളുടെ പരിചയമാണ്. അവരൊക്കെ ഇങ്ങനെ ചെയ്യുമെന്ന്, വിശേഷിച്ചും പത്മകുമാര്‍ സാര്‍ ഇങ്ങനെ ചെയ്യുമെന്ന് രാഹുല്‍ ഈശ്വറിന് വിശ്വസിക്കാനേ കഴിയുന്നില്ല. വ്യാഴാഴ്ച്ചത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍, രാഹുലിന്റെ പത്മകുമാര്‍ സര്‍ പരാമര്‍ശവും വിനു വി ജോണിന്റെ പരിഹാസവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചര്‍ച്ചയുടെ പ്രസക്തമായ ഭാഗങ്ങള്‍ ഇങ്ങനെ:
രാഹുല്‍ ഈശ്വര്‍: ഒന്നാലോചിച്ച് നോക്കുക, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ അറസ്റ്റിലാകുന്ന ദേവസ്വം പ്രസിഡന്റുമാരാണ്, വാസു സര്‍, വാസു സാറിന്റെ കാലഘട്ടം വേറെയായിരുന്നു. ഇനി പത്മകുമാര്‍ സര്‍, തീര്‍ന്നില്ല, ഇതു കട്ടിളപ്പടികളാണ്, ഇനി ദ്വാരപാലക ശില്‍പങ്ങളുടെ കാര്യം വരുന്നു. അദ്ദേഹം അന്നുപറഞ്ഞ ഒരുകാര്യം ശ്രീ വിനു ഓര്‍ക്കുന്നുണ്ടായിരിക്കും, എന്റെ കാലത്ത് 48 പവന്‍ അതില്‍ സ്വര്‍ണം പൂശിയെന്ന്..പത്മകുമാര്‍ സാറിന് കൃത്യമായിട്ട് അറിയാരുന്നില്ലേ, ഒന്നര കിലോ ഗ്രാം സ്വര്‍ണമുണ്ടായിരുന്നു, അതുമാറ്റിയാണ് 48 പവന്‍ പൂശിയതെന്ന്..സീ, ഇത് എത്രമാത്രം, അദ്ദേഹത്തെ പോലൊരു വ്യക്തിക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതാണ്. എനിക്കിത് ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. വിഷമം മാത്രമാണ്. അദ്ദേഹത്തെ പോലൊരു വ്യക്തി, അതില്‍ ഉള്‍പ്പെട്ടത്, എന്താ പറയണെ...
വിനു വി ജോണ്‍: രാഹുല്‍ വാസു സര്‍, പത്മകുമാര്‍ സര്‍ വിളികള്‍ ആവര്‍ത്തിച്ചതോടെ സംസാരത്തിനിടെ ഇടപെട്ട് വിനു: ഇടവേളയ്ക്ക് ശേഷം എത്താം. ഞാനിപ്പോള്‍ ആലോചിച്ചത്, മുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു.
ചര്‍ച്ചയുടെ മറ്റൊരു ഘട്ടത്തില്‍ തന്ത്രിമാരെയും, മേല്‍ശാന്തിമാരെയും കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം സിപിഎമ്മിന്റെ തന്ത്രമാണെന്ന് ആരോപിച്ചുകൊണ്ട് രാഹുല്‍ വിനുവിന്റെ വെളളായണി പരമു പരാമര്‍ശത്തിന് മറുപടി പറയുന്നുണ്ട്.
വിനു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയാരാണെന്ന് രാഹുലിന് അറിയാമോ?
രാഹുല്‍: ബ്രഹ്‌മശ്രീ കണ്ഠരര് അടക്കമുള്ളവരെന്നാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. ഈ വളഞ്ഞ വഴിയില്‍ മെന്‍ഷന്‍ ചെയ്യുന്നത്.
വിനു: ഉദ്ദേശിക്കുന്നതല്ല, ആണോ?
രാഹുല്‍: ഞാന്‍ അതാണ് പറഞ്ഞത്. എനിക്കറിയില്ല. ഒരു പാട് അമ്പലങ്ങള്‍, സീ, എസ്‌പെഷ്യലി, സൗത്ത് ഇന്ത്യയിലെ ധാരാളെ അമ്പലങ്ങള്‍ ബ്രഹ്‌മശ്രീ കണ്ഠരര് മഹേശ്വര് ഉണ്ടായിരുന്നപ്പോള്‍, പിന്നീട് പ്രായാധിക്യം കാരണം പലരും ഏറ്റെടുത്തു. സീ, അതൊക്കെ ഇതിലെന്തെങ്കിലും റെലവന്റായ ഇന്‍ഫൊര്‍മേഷനാണോ? 2007 ന് മുമ്പ് അതൊക്കെ മീഡിയാക്കാരോട്, കൊടുക്കണമെന്ന് പറയുന്നതില്‍ എന്തുപ്രസക്തിയുണ്ട്? 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൊള്ളയില്‍, 2007 ല്‍ മേല്‍ശാന്തിയുടെ കീഴ്ശാന്തിയായിട്ട് ഇയാള്‍ എവിടെ നിന്നാല്‍ എന്താണ്? അപ്പോള്‍ അതൊക്കെ ഫോക്കസ് തെറ്റിക്കാനുളള ശ്രമങ്ങളാണ്. അനന്തഗോപന്‍ സാറിനെയും ഇതുപോലെ കൊണ്ടുവന്നിരുന്നു, മലേഷ്യയിലേക്ക് യാത്ര ചെയ്യുന്നത് ആരെന്നറിയണമെന്ന്
വിനു: അല്ല, അനന്തഗോപന്‍ ഇതിലൊന്നും ഉള്‍പ്പെടില്ലെന്ന് ഉറപ്പാണോ?
രാഹുല്‍: അറിയില്ല, എന്തായാലും ആ വാദഗതി നിലനില്‍ക്കുന്നതല്ല
നേരത്തെ ശ്രീ വിനു പറഞ്ഞ റഫറന്‍സിനേക്കാള്‍ രൂക്ഷമായ ഒരുകാര്യം പറയാം. അതായത് വെള്ളായണി പരമുവും, ഇത്തിക്കര പക്കിയും ഒക്കെ ഈ പാവപ്പെട്ടവര്‍ക്ക് വേണ്ടി, പണക്കാരില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും കൊടുത്തുവെന്ന് രേഖപ്പെടുത്തുന്നവരാണ്. പക്ഷേ ദേവസ്വം ബോര്‍ഡിന് ആ മാപ്പ് പോലുമില്ല.
വിനു: ദേവസ്വം ബോര്‍ഡ് പാവപ്പെട്ട ആളുകളുടെ വിവാഹം നടത്തുന്നു, വീട് വച്ചുകൊടുക്കുന്നു, അങ്ങനൊക്കെ ചെയ്യുന്നവരാണ്. കമ്പനിയുടെ ഒരു പാര്‍ട്‌നറും അയ്യപ്പനാണ്. കൊളള സംഘത്തിന്റെ കമ്പനിയുടെ.
രാഹുല്‍: അതൊക്കെ ഈ രേഖയുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്നതാ....സാക്ഷാല്‍ ചമ്പല്‍ കൊള്ളക്കാര് പോലും അവരുടെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കുകയില്ല. അവര് പോലും ചെയ്യാത്ത തിന്മയും പാപവും വൃത്തികേടുമാണ് യഥാര്‍ഥത്തില്‍ ദേവസ്വം ബോര്‍ഡ് ചെയ്തത്. ഇവരെയല്ലാം വ്യക്തിപരമായിട്ട് എനിക്കറിയാം. ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ എനിക്ക് മിസ്റ്റര്‍ പപ്പന്‍ എന്നുവിളിക്കാന്‍ പറ്റില്ലല്ലോ. ഇവരെ വര്‍ഷങ്ങളായി അറിയാം. കുടുംബത്തിലെ കല്യാണങ്ങള്‍ക്ക് പോയിട്ടുണ്ട്. ഇവരിത് ചെയ്യുമെന്ന് ഒരുവിശ്വാസിയും കരുതുന്നില്ല. വാസു സാറിന് പണ്ടേ നമ്മളോടൊന്നും സിംപതിയില്ല. പക്ഷേ പത്മകുമാര്‍ സര്‍ അങ്ങനെയല്ല...
പത്മകുമാര്‍ സാറിനെ കുറിച്ചുള്ള അപദാനങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലും രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിക്കുന്നുണ്ട്.
രാഹുല്‍ ഈശ്വറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ് എന്റെ 82 വയസ്സുള്ള മുത്തശ്ശി ദേവകി അന്തര്‍ജ്ജനത്തിന്റേതാണ്, അത് അയ്യപ്പന് വേണ്ടി ഉള്ള പോരാട്ടം ആയിരുന്നെങ്കില്‍, ഇന്ന് അയ്യപ്പന്റെ സ്വര്‍ണം കൊള്ള ചെയ്തതിനാണ് പദ്മകുമാര്‍ സര്‍ നെ അറസ്റ്റ് ചെയ്തത്.
മനസ്സ് നീറുന്ന വിഷമമാണ് പദ്മകുമാര്‍ സര്‍ ന്റെ അറസ്റ്റ് വാര്‍ത്ത കേള്‍ക്കുമ്പോള്‍. അദ്ദേഹത്തിന്റെ ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാന്‍ തരാം എന്ന് പറഞ്ഞ, ശബരിമല വിധി വന്നപ്പോള്‍ കണ്ണീരണിഞ്ഞ ഒരു മനുഷ്യന്‍.. ഒരു വശത്തു മുഖ്യമന്ത്രി ശ്രീ പിണറായിയെ മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച ഒരു സഖാവ് ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമാണ് ...
ആദ്യ ദിനം പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പദ്മകുമാര്‍ സര്‍ ആണ് ..
വാസു സര്‍ എന്നും വിശ്വാസികളെ തോല്‍പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ... പദ്മകുമാര്‍ സര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ .. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാര്‍ ക്ഷമിക്കില്ല, പക്ഷെ ഈ മുതിര്‍ന്ന പ്രായത്തില്‍ പദ്മകുമാര്‍ സര്‍ നോട് അയ്യപ്പന്‍ ക്ഷമിക്കട്ടെ .. സ്വാമി ശരണം
