കോളീന്‍ റൂണിയെ രണ്ടാമതാക്കി ഐ ആം എ സെലിബ്രിറ്റി കിരീടം നേടി കാട്ടില്‍ നിന്ന് മടങ്ങി ഡാനി ജോണ്‍സ്; മൂന്നാമതെത്തിയത് പള്ളിവികാരിയായ റിച്ചാര്‍ഡ് കോള്‍; അവസാന ഡിന്നര്‍ കഴിച്ച് ഫൈനലിസ്റ്റുകള്‍ മടങ്ങി

അവസാന ഡിന്നര്‍ കഴിച്ച് ഫൈനലിസ്റ്റുകള്‍ മടങ്ങി

Update: 2024-12-09 04:44 GMT

ലണ്ടന്‍: അത്യപൂര്‍വ്വമായ, എന്നാല്‍, ആരിലും അറപ്പുളവാക്കുന്ന കോക്ടെയില്‍ കുടിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ടെലിവിഷന്‍ അവതാരികയും എഴുത്തുകാരിയുമായ കോളിന്‍ റൂണിക്ക് പക്ഷെ ഐ ആം സെലിബ്രിറ്റി ഷോയില്‍ ലഭിച്ചത് രണ്ടാം സ്ഥാനം മാത്രം. കനത്ത മത്സരം കാഴ്ചവെച്ച, ഇന്നലെ നടന്ന ഫൈനലില്‍, നേരിയ മുന്‍തൂക്കത്തിനായിരുന്നു ഡാനി ജോണ്‍സ് ഐ ആം സെലിബ്രിറ്റി കിരീടം നേടിയത്. ആഹ്‌ളാദം അടക്കാനാകാതെ മെക് ഫ്‌ലൈ താരം കൂടിയായ 38 കാരന്‍ തന്റെ ഭാര്യയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. മൂന്നാഴ്ചകള്‍ക്ക് ശേഷമുള്ള വികാരഭരിതമായ പുനസമാഗമമായിരുന്നു അത്.

ക്യൂന്‍ ഓഫ് ദി ജംഗിള്‍ പദവി തലനാരിഴയ്ക്ക് നീങ്ങിപ്പോയത് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു കൊളീന്റെ പ്രതികരണം.അവിശ്വസനീയമാം വിധം 10 ദശലക്ഷം വോട്ടുകള്‍ നേടിയ ഡാനി ജോണ്‍സന്റെ വിജയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വരെ കോളിന്‍ വിചാരിച്ചിരുന്നത് താന്‍ തന്നെ വിജയിക്കും എന്നായിരുന്നു. മത്സരത്തില്‍ വിജയിച്ചാല്‍, തന്റെ മക്കള്‍ തന്നെക്കുറിച്ച് അഭിമാനം കൊള്ളുമെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു എന്നായിരുന്നു വിജയ പ്രഖ്യാപനത്തിന് ശേഷം ഡാനിയുടെ ആദ്യ പ്രതികരണം. താന്‍ പൂര്‍ണ്ണമായും മത്സരത്തിനായി സമര്‍പ്പിക്കുകയായിരുന്നു എന്നും ഡാനി പറഞ്ഞു.

ഈ മത്സരത്തില്‍ നിന്നും പുറത്തായ പത്താമത്തെ സെലിബ്രിറ്റി, പള്ളി വികാരി കൂടിയായ റെവറണ്ട് റിച്ചാര്‍ഡ് കോള്‍സ് ആണ് മത്സരത്തിലെ മൂന്നാം സ്ഥാനക്കാരന്‍. കാനന രാജാവായതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തിയ ഡാനി, കാട്ടിലെ ജീവിതം, തന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ ഏറെ വ്യത്യാസം വരുത്തിയതായും പറഞ്ഞു. അതേസമയം, ഈ പരിപാടി തന്നെക്കുറിച്ച് സ്വയം ചിന്തിക്കാന്‍ ഏറെ സമയം നല്‍കി എന്നായിരുന്നു റണ്ണര്‍ അപ്പായ കോളീന്‍ പറഞ്ഞത്. തന്റെ ശക്തിയെക്കുറിച്ചും ദൗര്‍ബല്യത്തെക്കുറിച്ചും ഏറെ ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞതായും അവര്‍ പറഞ്ഞു.

കാടിന് ഉണ്ടാവുക രാജാവോ രാജ്ഞിയോ എന്ന കടുത്ത ആശയക്കുഴപ്പം നിഴലിച്ച മത്സരത്തില്‍, മൂന്നാം സ്ഥാനത്ത് എത്തിയ റെവറണ്ട് റിച്ചാര്‍ഡ് കോള്‍സും ഏറെ ആഹ്‌ളാദത്തിലാണ്. നിങ്ങള്‍ വിചാരിക്കുന്നതായിരിക്കില്ല, നടക്കാന്‍ പോകുന്നത് എന്നാണ് തന്റെ കാനന ജീവിതത്തെ കുറിച്ച് ഈ 62 കാരന്‍ പറഞ്ഞത്. താന്‍ പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു കാനന ജീവിതമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സഹപങ്കാളികളുമൊത്തുള്ള ജീവിതം ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി കെ ബാരിയുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ലോകത്തെ കാണുന്ന അതേ രീതിയിലാണ് ബാരിയും ലോകത്തെ കാണുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫൈനലിന് മുന്‍പായി പങ്കാളികള്‍ക്കെല്ലാം അവരുടെ ഇഷ്ടമനുസരിച്ചുള്ള ത്രീ കോഴ്സ് മീല്‍സ് നല്‍കിയിരുന്നു. അവസാന റൗണ്ടില്‍ ഉണ്ടായിരുന്ന മൂന്ന് മത്സരാര്‍ത്ഥികളും അവരുടെ കാനന ജീവിതത്തിലെ അവസാന അത്താഴത്തിനായി ഇരുന്നപ്പോള്‍, തികച്ചും സാധാരണ ഭക്ഷണ വിഭവങ്ങളായിരുന്നു കോളിന്‍ തിരഞ്ഞെടുത്തതെന്നത് ഏവരെയും ആതിശയിപ്പിച്ചു. മൂവരും ഒരുമിച്ചായിരുന്നു അവസാന അത്താഴത്തിനിരുന്നത്.മൂവര്‍ക്കും, അവരവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു.

Tags:    

Similar News