കോടികള്‍ മുടക്കി കേരളാ വിഷന്റെ ഒന്നാം ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും റിപ്പോര്‍ട്ടര്‍ പിന്നോട്ട്; രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഒരുങ്ങി രണ്ടാം ലാന്‍ഡിംഗ് പേജ് വാങ്ങിയ 24 ന്യൂസ് ചാനല്‍; എതിരാളികള്‍ ഇല്ലാതെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ ഒന്നാമത്; മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ
മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ
തിരുവനന്തപുരം: മലയാളം വാര്‍ത്ത ചാനലുകളുടെ ഏറ്റവും പുതിയ റേറ്റിംഗിലും പതിവുപോലെ എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും കോടികളുടെ കിലുക്കവുമായി രംഗത്ത് റേറ്റിംഗില്‍ മുന്നിലെത്താന്‍ ശ്രമം നടത്തിയിട്ടും അത് വിജയിക്കുന്നില്ല. ഇപ്പോള്‍ ഇവര്‍ തമ്മില്‍ രണ്ടാം സ്ഥാനത്തിനായാണ് ഇപ്പോള്‍ പോരാട്ടം മുറുകുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ബാര്‍ക്ക് റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. രണ്ടാം സ്ഥാനത്ത റിപ്പോര്‍ട്ടര്‍ ടിവിയും മൂന്നാം സ്ഥാനത്ത് 24 ന്യൂസ് ചാനലുമാണ്.
ഇടക്കാലം കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടരികിലേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി പിന്നോട്ടു പോകുകയാണ്. അതേസമയം കാമ്പുള്ള വാര്‍ത്തകളുമായി ഏഷ്യാനെറ്റ് മികച്ച തിരിച്ചുവരവ് തന്നെ നടത്തി ബാക്കിയെല്ലാവരെയും ബഹുദൂരം പിന്നിലാക്കി തുടരുകയാണ്. 53ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പുറത്തുവരുമ്പോള്‍ 86 പോയിന്റാണ് ഒന്നാമതുള്ള ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. ആര്‍ക്കും ഇവരെ തൊടാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. രണ്ടാമതുള്ള റിപ്പോര്‍ട്ടര്‍ ടിവിക്ക് 61.26 പോയിന്റാണുള്ളത്. തൊട്ടരികിലായി റിപ്പോര്‍ട്ടറിന്റെ രണ്ടാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തി 24 ന്യൂസ് ചാനലുണ്ട്. ഇവര്‍ക്ക് 59.06 പേയിന്റാണുള്ളത്. രണ്ട് പേയിന്റ് മാത്രം വ്യത്യാസത്തിലാണ് റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്തുള്ളത്.
നാലാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരവും അടുത്തിടെ മുറുകിയിട്ടുണ്ട്. കൂറേക്കാലമായി ഈ സ്ഥാനത്തുള്ള മനോരമ ന്യൂസിനെ അടുത്തിടെ മാതൃഭൂമ ന്യൂസ് മറികടന്നിരുന്നു. ഈ വാരവും മാതൃഭൂമി നാലാം സ്ഥാനം നിലനിര്‍ത്തി. 35.35 പോയിന്റാണ് മാതൃഭൂമി ന്യൂസ് ചാനലിനുള്ളത്. അതേസമയം മനോരമ ന്യൂസ് ചാനലിന് 34.72 പോയിന്റാണ് നേടാന്‍ ആാത്. ആറാം സ്ഥാനത്തായി ജനം ടിവിയാണുള്ളത്. 18.66 പോയിന്റാണ് ജനം ടിവിക്കുള്ളത്. കൈരളി ന്യൂസ് ചാനലിന് 14.29 പോയിന്റും ന്യൂസ് 18 കേരള ചാനലിന് 13.46 പോയിന്റുമാണ് ഉള്ളത്. 7.46 പോയിന്റുള്ള മീഡിയാ വണ്‍ ചാനലാണ് ഏറ്റവും പിന്നിലുള്ളത്.
ജനം കാണാന്‍ ആഗ്രഹിക്കുന്ന വിധം അഗ്രസീവായ വാര്‍ത്തകള്‍ പോയ വാരം ചാനലുകളില്‍ ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റാണ് അത്തരം ശ്രമങ്ങള്‍ ഇടക്കിടെ നടത്തുന്നത്. ബാക്കിയെല്ലാവരും ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെയുള്ള ഉള്ളടക്കവുമായി ഇഴഞ്ഞുനീങ്ങുന്നു. അവിടെയാണ് വാര്‍ത്തകളെ ആഘോഷമാക്കി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടറിന്റെയും 24ന്റെയും ശൈലി ജനം കൈവിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനിടെ കണ്ടന്റുള്ള വാര്‍ത്തകളിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചത് മാതൃഭൂമിക്ക് ഗുണകരമായിട്ടുണ്ട്.
2013ല്‍ മാതൃഭൂമി ചാനല്‍ തുടങ്ങിയത് മുതല്‍ ഇതുവരെ മനോരമ ഒരുപടി മുന്നിലായിരുന്നു. മാതൃഭൂമി മുന്നില്‍ എത്തിയപ്പോഴെല്ലാം, ചില പ്രായക്കാര്‍ ഉള്‍പ്പെട്ട ഏതാനും ചില വിഭാഗങ്ങളില്‍ മാത്രമാണെന്ന ആശ്വാസം മനോരമക്ക് ഉണ്ടായിരുന്നു. ഈ സ്ഥിതിക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. മാധ്യമ നടത്തിപ്പിലെ പരിചയസമ്പത്തിന്റെയോ, സാമ്പത്തിക ശേഷിയുടെയോ, പ്രൊഫഷണലിസത്തിന്റെയോ കാര്യത്തില്‍ മനോരമക്കുള്ള മേല്‍ക്കൈ ശത്രുക്കള്‍ പോലും അംഗീകരിക്കും. എന്നിട്ടും ചാനല്‍ നടത്തിപ്പില്‍ മനോരമ അത്ര പോരെന്ന വികാരവുമുണ്ട്.
അതിനിടെ ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാന്‍ കോടികള്‍ ഇറക്കിയായിരുന്നു കേരളാ വിഷനില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്ത്രം പയറ്റിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ലാന്‍ഡിംഗ് പേജ് റിപ്പോര്‍ട്ടര്‍ വാങ്ങിയത്. ഇതോടെ ടിവി ഓണ്‍ചെയ്താല്‍ ആദ്യം എത്തുക റിപ്പോര്‍ട്ടര്‍ ചാനലാണ്. എന്നാല്‍, ജനങ്ങള്‍ റിമോട്ട് കൈയില്‍ എടുത്തതോടെ ഏഷ്യാനെറ്റിലേക്ക് തന്നെ ആളുകള്‍ പോയി. ഇതോടെ മുന്നോട്ടു പോകാന്‍ കഴിയാതെ നിശ്ചലമായിരിക്കയാണ് റിപ്പോര്‍ട്ടര്‍.
വലിയ വാര്‍ത്ത സംഭവങ്ങള്‍ ഇല്ലാത്ത ആഴ്ച്ചകളില്‍ ഏഷ്യാനെറ്റിലേക്ക് തന്നെയാണ പ്രേക്ഷകര്‍ പോകുന്നതെന്ന് വ്യക്തമാണ്. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന ആഴ്ച്ചയില്‍ അടക്കം റിപ്പോര്‍ട്ടര്‍ മുന്നേറ്റം ഉണ്ടായില്ല. ഇതോടെ ബാര്‍ക്ക് റേറ്റിംഗില്‍ ചാനലിന്റെ മുന്നോട്ടുപോക്ക് നിശ്ചലമായ അവസ്ഥയിലാണ്. കേരളാ വിഷയന്റെ രണ്ടാമത്തെ ലാന്‍ഡിംഗ് പേജ് വാങ്ങിയതാണ് 24 ന്യൂസ് ചാനലിന് നേട്ടമായി മാറിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്റെ രണ്ടാമത്തെ ലാന്‍ഡിംഗ് പേജ് വാങ്ങിയത്. ഇതോടെ റിമോട്ടില്‍ ഏത് ബട്ടന്‍ ഞെക്കിയാലും 24 ന്യൂസ് ചാനല്‍ വരുന്ന അവസ്ഥയാണ്. വാര്‍ത്താ മികവിനേക്കാള്‍ പണമെറിഞ്ഞുള്ള ഈ തന്ത്രമാണ് പോയിന്റ് ടേബിളില്‍ നേട്ടമുണ്ടാകക്കാന്‍ അവരെ സഹായിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ശൃംഖലയായ കേരള വിഷനില്‍ ലാന്‍ഡിങ്ങ് പേജ് എടുത്തതാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ പിടിച്ചു നില്‍ക്കുന്നത്. ലക്ഷക്കണക്കിന് കേബിള്‍ വരിക്കാരുളള കേരളാ വിഷന്റെ കേബിള്‍ കണക്ഷനുളളവര്‍ ടെലിവിഷന്‍ സെറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരുന്നത് റിപോര്‍ട്ടര്‍ ടിവിയാണ്. ഇത് മൂലം ഓരോ ആഴ്ചയിലെ റേറ്റിങ്ങിലും കുറഞ്ഞത് ഒരു പോയിന്റെങ്കിലും അധികമായി ലഭിക്കുമെന്നാണ് കരുതുന്നത്. ലാന്‍ഡിങ് പേജ് വഴി ലഭിക്കുന്ന അധിക പോയിന്റിന് ഒപ്പം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ചടുലമായ അവതരണവും കൂടി വന്നപ്പോഴാണ് റിപോര്‍ട്ടര്‍ റീലോഞ്ച് ചെയ്ത് ഒന്നര വര്‍ഷം കൊണ്ടുതന്നെ രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ അതിന് അപ്പുറത്തേക്ക് പോകാന്‍ റിപ്പോര്‍ട്ടറിന് സാധിക്കുന്നില്ല.