കാമ്പുള്ള വാര്‍ത്തകളുമായി ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര; രണ്ടാമത് റിപ്പോര്‍ട്ടര്‍ ടി വി; മൂന്നാം സ്ഥാനത്ത് കിതച്ച് 24 ന്യൂസും; പവര്‍ഹൗസുകളായ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും കിതയ്ക്കുന്നു; 2025ലെ നാലാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെ

കാമ്പുള്ള വാര്‍ത്തകളുമായി ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര

Update: 2025-02-06 12:48 GMT

തിരുവനന്തപുരം: ഗൗരവ ശൈലിയില്‍ കാമ്പുള്ള വാര്‍ത്തകളുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കളം നിറഞ്ഞതോടെ ബാര്‍ക്ക് റേറ്റിംഗില്‍ ഏതിരാളികള്‍ ഇല്ലാതെ മുന്നോട്ടു പോകുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. തരികിട നമ്പറുകളും വാര്‍ത്തയിലെ പൈങ്കിളിവല്‍ക്കരണവുമായി രംഗത്തുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ അവരുടെ ശൈലിയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് പുറത്തുവന്ന 2025-ലെ നാലാം ആഴ്ചയിലെ ബാര്‍ക് റേറ്റിംഗിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ചാനലുമാണ്.

94 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം റിപ്പോര്‍ട്ടര്‍ ചാനല്‍ 72.51 പോയിന്റും നേടി. റിപ്പോര്‍ട്ടറിന് അടുത്തകാലത്തെങ്ങും ഏഷ്യാനെറ്റിനെ മറികടക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്. അതേസമയം മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോര്‍ 66.08 പോയിന്റ് നേടി. കേരളാ വിഷന്റെ പ്രൈം ബാന്‍ഡ് നേടിയാണ് റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്തുള്ളത്. 24 ന്യൂസ് ആകട്ടെ രണ്ടാമത്തെ പ്രൈം ബാന്‍ഡും നേടി. ഇതോടെയാണ് മറ്റ് പരമ്പാഗത വാര്‍ത്താ പവര്‍ഹൗസുകളെ ഇവര്‍ പിന്നിലാക്കിയത്.

ഇപ്പോഴത്തെ നിലയില്‍ മത്സരം 24ഉം റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലാണ്. വാര്‍ത്താവതരണത്തിലെ ഗൗരവം വിടുന്നത് പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും താല്‍പര്യമില്ലെന്ന് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റത്തില്‍ വ്യക്താകുന്നത്. അതുകൊണ്ട് തന്നെ കാമ്പുള്ള വാര്‍ത്തകളിലാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രദ്ധവെക്കുന്നത്.

മലയാളം വാര്‍ത്താ ചാനലുകളിലെ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ പോയവാരവും കടുത്ത മത്സരമാണ്. രണ്ട് ആഴ്ചയായി നാലാം സ്ഥാനത്ത് തുടരുന്ന മാതൃഭൂമി ന്യൂസ് തന്നെയാണ് 2025-ലെ നാലാം ആഴ്ചയിലെ റേറ്റിങ്ങിലും നാലാം സ്ഥാനം നേടിയിരിക്കുന്നത്. മാതൃഭൂമി 36.59 പോയിന്റും മനോരമ 35.23 പോയിന്റുമാണ് നേടിയത്. അഞ്ചാം സ്ഥാനക്കാരായ മനോരമ ന്യൂസും തമ്മിലുളള വ്യത്യാസം 1.4 പോയിന്റ് മാത്രമാണ്.

മലയാള മനോരമക്ക് ചാനല്‍ വളരെ പിന്നോട്ടുപോകുന്നതാണ് അടുത്തകാലത്തായി കാണുന്ന കാഴ്ച്ചകള്‍. സാങ്കേതികമായോ വാര്‍ത്താവതരണ രീതിയിലോ ഒരുതരത്തിലുളള നവീകരണവും ഇല്ലാത്ത ചാനലാണ് മനോരമ ന്യൂസ്. എഡിറ്റോറിയല്‍ വിഭാഗം കാലങ്ങളായി ഒരേ ശൈലി പിന്തുടരുന്നതും അവരുടെ ന്യൂനതയാണ്. ന്യൂസ് 18 കേരളം 15.6 പോയിന്റ് നേടിയപ്പോള്‍ കൈരളി ന്യൂസിന് 14.4 പോയിന്റ് മാത്രമേ ലഭിച്ചുളളു. കൈരളി ന്യൂസ് എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടപ്പോഴും റേറ്റിങ്ങില്‍ ഏറ്റവും അവസാനക്കാരെന്ന ഖ്യാതിയുളള മീഡിയാ വണ്ണിന്റെ നിലയില്‍ മാറ്റമൊന്നുമില്ല. അതേസമയം ന്യൂസ് മലയാളം 24*7 ചാനല്‍ ബാര്‍ക്ക് റേറ്റിംഗില്‍ പോലും ഇടംപിടിച്ചിട്ടില്ല.

Tags:    

Similar News