'സര്‍ജിക്കല്‍ സ്ട്രൈക്കു'മായി ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ബാലകൃഷ്ണന്റെ റീ എന്‍ട്രി; ബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരി കൊള്ളവേ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' അതേപേരില്‍ പ്രോഗ്രാമാകുന്നു; ഇന്ന് മുതല്‍ രാത്രി 7:45 ന് ഏഷ്യാനെറ്റില്‍ സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റിന്റെ പുതിയ പ്രോഗ്രാം
'സര്‍ജിക്കല്‍ സ്ട്രൈക്കു'മായി ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ബാലകൃഷ്ണന്റെ റീ എന്‍ട്രി
തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് റിപ്പോര്‍ട്ടര്‍ ടിവി മുന്നേറ്റമുണ്ടാക്കിയപ്പോഴാണ് 'സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന വിധത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സ്‌കോര്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഉണ്ണി ബാലകൃഷ്ണനെ ഏഷ്യാനെറ്റ് അടര്‍ത്തിയെടുത്തു. ഇതോടെ ഉണ്ണി പങ്കെടുക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിക്കാണ് തിരിച്ചടിയേറ്റത്. ഇതോടെ ബാര്‍ക്ക് റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് അടുത്തകാലത്തുണ്ടായ സുപ്രധാന ചുവടുമാറ്റമായി ഉണ്ണി ബാലകൃഷ്ണന്റെ ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള മടങ്ങിവരവ്. എന്തായാലും റിപ്പോര്‍ട്ടറിന്‍മേല്‍ ഏഷ്യാനെറ്റ് നടത്തിയ ആ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' പ്രോഗ്രാമാകുകായണ്. ഇന്ന് മുതല്‍ ഏഷ്യാനെറ്റില്‍ ഉണ്ണി ബാലകൃഷ്ണന്‍ ഓണ്‍ എയര്‍ ആകും. 'സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന പേരിലാണ് ഉണ്ണിയുടെ പരിപാടി പുറത്തിറങ്ങുക. ഇന്ന് വൈകുന്നേരം 7:45 നാണ് പരിപാടിയുടെ ആദ്യ എപ്പിസോഡ്.
പരിപാടിയുടെ പ്രമോ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് ഒരുങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് ഉണ്ണി ബാലകൃഷ്ണന്‍. ഉണ്ണി ഇടവേളക്ക് ശേഷം ലൈംലൈറ്റിലേക്ക് തിരിച്ചുവരുന്നത് ചാനല്‍ യുദ്ധത്തില്‍ ഏഷ്യാനെറ്റ് വിജയിച്ചു നില്‍ക്കുന്ന സമയത്താണ്. കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി ഏഷ്യാനെറ്റ് തന്നെയാണ് ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാമതായിരിക്കുന്നത്. റിപ്പോര്‍ട്ടറാകട്ടെ മൂന്നാം സ്ഥാനത്തും.
മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന മാധ്യമ പ്രവര്‍ത്തന കരിയറില്‍ ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയില്‍ സുപ്രധാന ചുമതലകള്‍ ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ നിര്‍വഹിച്ചിരുന്നു. 2023 മാര്‍ച്ചിലാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ വിഭാഗം മേധാവിയായി ചുമതല ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ശ്രദ്ധേയമായിരുന്നു.
1994ല്‍ കലാകൗമുദിയില്‍ സബ് എഡിറ്ററായാണ് ഉണ്ണി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1996-ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സബ് എഡിറ്ററായി ദൃശ്യമാധ്യമരംഗത്തെത്തി. 2011 വരെ ഏഷ്യാനെറ്റ് ന്യൂസില്‍ വിവിധ തസ്തികകളിലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ 2010 വരെ ഡല്‍ഹിയായിരുന്നു പ്രവര്‍ത്തനമേഖല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ദേശീയ രാഷ്ട്രീയത്തിലെ ചെറുതും വലുതുമായ സുപ്രാധന സംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, കാര്‍ഗില്‍ യുദ്ധം, ഡല്‍ഹി ബോംബ് സ്ഫോടനങ്ങള്‍, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ നിരവധി സംഭവങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധനേടി. 2023 മാര്‍ച്ചില്‍ ഡിജിറ്റല്‍ വിഭാഗം മേധാവിയായാണ് ചുമതല ഏറ്റെടുത്തത്. 2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാലത്തെ ഫലപ്രവചനങ്ങള്‍ ഏതാണ്ട് യാഥാര്‍ഥ്യമായി മാറിയിരുന്നു.
മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം മികച്ച പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. പ്രായമാകുന്നില്ല ഞാന്‍, മരങ്ങളായ് നിന്നതും, നമ്മുടെ തലപ്പാവ്, എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി ആനുകാലികങ്ങളില്‍ ചെറുകഥകളും സാമൂഹിക - സാഹിത്യ വിഷയങ്ങളിലുള്ള ലേഖനങ്ങളും എഴുതിയിട്ടുണ്ട്.