ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കണ്ണില്‍ ഒരു വസ്തു തട്ടി; നടന്‍ അക്ഷയ് കുമാറിന് പരിക്ക്; ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്
മുംബൈ: ഷൂട്ടിങ്ങിനിടെ നടന്‍ അക്ഷയ് കുമാറിന് പരിക്ക്. മുംബൈയില്‍ ഹൗസ്ഫുള്‍ 5 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കണ്ണിന് പരിക്കേറ്റത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അക്ഷയ്യുടെ കണ്ണില്‍ ഒരു വസ്തു തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഒരു നേത്രരോഗ വിദഗ്ദ്ധനെത്തുകയും താരത്തിനെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കണ്ണ് കെട്ടിവെച്ചിരിക്കുകയാണ്.
പരിക്ക് ഗുരുതരമല്ലെന്നും താരത്തിന് വിശ്രമം അനുവദിച്ചെന്നും നടന്റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണിപ്പോള്‍. പരിക്ക് ഭേദമായാല്‍ ഉടന്‍ തന്നെ അക്ഷയ് വീണ്ടും സെറ്റില്‍ ജോയിന്‍ ചെയ്യും. ഹൗസ്ഫുള്‍ 5 ന്റെ അവസാനഘട്ട ഷൂട്ടിങ്ങാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യം യൂറോപ്പിലാണ് ഹൗസ്ഫുള്‍ 5ന്റെ ചിത്രീകരണം തുടങ്ങിയത്.
അഭിഷേക് ബച്ചന്‍, റിതേഷ് ദേശ്മുഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരോടൊപ്പം ഫര്‍ദീന്‍ ഖാന്‍, ഡിനോ മോറിയ, ജോണി ലെവല്‍, സഞ്ജയ് ദത്ത്, നാനാ പടേക്കര്‍, സോനം ബജ്വ, ചിത്രാംഗദ സിങ്, സൗന്ദര്യ ശര്‍മ്മ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജൂണ്‍ 6 ന് റിലീസ് ചെയ്യും.