ബുക്കിംഗ് കുറവ്, കാണാൻ ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കി; ‘കേരള സ്റ്റോറി 2’ന് കേരളത്തിൽ തണുപ്പൻ പ്രതികരണം; രണ്ട് ദിവസത്തെ കളക്ഷൻ കണക്കുകൾ പുറത്ത്
കൊച്ചി: റിലീസിന് മുൻപേ വിവാദങ്ങളിൽ നിറഞ്ഞ ‘കേരള സ്റ്റോറി 2’ ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്നത് തണുപ്പൻ പ്രതികരണം. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ആദ്യ ഭാഗത്തിനെതിരെ ഉയർന്ന അതേ വിമർശനങ്ങൾ രണ്ടാം ഭാഗത്തെയും വിടാതെ പിന്തുടരുകയാണ്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയ ട്രെയിലർ പുറത്തുവന്നതോടെയാണ് ചിത്രം വീണ്ടും ചർച്ചയായത്.
സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയെങ്കിലും നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസം പ്രദർശനാനുമതി ലഭിക്കുകയായിരുന്നു. വലിയ വിവാദങ്ങൾക്കിടയിലും കേരളത്തിലെ തിയറ്ററുകളിൽ ചിത്രത്തിന് വളരെ തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’യിൽ ഭൂരിഭാഗം ഷോകളും ബുക്കിംഗ് ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. പലയിടങ്ങളിലും കാണികളില്ലാത്തതിനെ തുടർന്ന് ഷോകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ സിനിമാസ്വാദകർ ചിത്രം പാടേ തിരസ്കരിച്ച മട്ടാണ്.
കേരളത്തിൽ തിരിച്ചടി നേരിട്ടെങ്കിലും ദേശീയതലത്തിൽ, പ്രത്യേകിച്ച് ഹിന്ദി ബെൽറ്റിൽ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 5.4 കോടി രൂപയാണ് രണ്ട് ദിവസത്തിൽ കേരള സ്റ്റോറി 2 നേടിയിരിക്കുന്നത്. ആദ്യദിവസം 75 ലക്ഷം രൂപ നേടിയ ചിത്രം രണ്ടാം ദിനമായപ്പോൾ 4.65 കോടി രൂപ നേടിയെന്നും സാക്നിൽക്ക് റിപ്പോർട്ടുണ്ട്. ഹിന്ദി സിനിമാസ്വാദകർക്കിടയിൽ പടത്തിന് മികച്ച ബുക്കിംഗ് നടക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് വിപുൽ ഷായാണ്. ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ, സുമിത് ഗഹ്‌ലാവത്, അർജൻ സിംഗ് ഔജ്‌ല തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. സുദീപ്തോ സെൻ സംവിധാനം ചെയ്ത ആദ്യ ഭാഗം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു.