ഡീസൽ മാഫിയയുടെ കഥയുമായി ഒരു ആക്ഷൻ എന്‍റർടെയ്നർ; റിലീസിനൊരുങ്ങി 'ഡീസൽ'; ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിലെത്തും

Update: 2025-10-13 15:02 GMT

കൊച്ചി: ഡീസൽ മാഫിയയുടെ അധോലോക രാഷ്ട്രീയവും അതിൻ്റെ മറനീക്കുന്ന കഥയുമായി ഒരു സമ്പൂർണ്ണ ആക്ഷൻ എന്‍റർടെയ്നർ 'ഡീസൽ' റിലീസിനൊരുങ്ങുന്നു. ഹരീഷ് കല്യാൺ നായകനാകുന്ന ചിത്രത്തിൻ്റെ പത്രസമ്മേളനം കൊച്ചിയിൽ നടന്നു. ഒക്ടോബർ 17ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

'പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലമാകും. ഇതുവരെ ആരും കടന്നുചെല്ലാത്ത ഡീസൽ മാഫിയയുടെ കാണാക്കഥകളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്,' സംവിധായകൻ ഷൺമുഖം മുത്തുസാമി പറഞ്ഞു. സാധാരണക്കാർ വിൽക്കുന്നതും വാങ്ങുന്നതുപോലെ പെട്രോളും ഡീസലും ലഭ്യമാകുന്ന ഒരു സാഹചര്യത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആക്ഷൻ, ഡാൻസ്, റൊമാൻസ്, ഇമോഷൻസ് എന്നിവയെല്ലാം ഒത്തുചേർന്ന ഒരു സമ്പൂർണ്ണ വിനോദ ചിത്രമായിരിക്കും ഡീസൽ' എന്ന് നായകൻ ഹരീഷ് കല്യാൺ അവകാശപ്പെട്ടു. ചിത്രത്തിലെ നായികമാരായ അതുല്യ രവി, അനന്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തേർഡ് ഐ എൻ്റർടെയ്ൻമെൻ്റ്, എസ്.പി. സിനിമാസ് എന്നിവയുടെ സഹകരണത്തോടെ ദേവരാജുലു മാർക്കണ്ഡേയനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിലെ വിതരണാവകാശം ഇ ഫോർ എന്‍റർടെയ്ൻമെൻ്റ്സ് ആണ് നേടിയെടുത്തിരിക്കുന്നത്. വിനയ് റായ്, സായ് കുമാർ, കരുണാസ്, ബോസ് വെങ്കട്ട്, രമേഷ് തിലക്, കാളി വെങ്കട്ട്, വിവേക് പ്രസന്ന, സച്ചിൻ ഖേദേക്കർ, സക്കീർ ഹുസൈൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. എം.എസ്. പ്രഭു, റിച്ചാർഡ് എം. നാഥൻ എന്നിവർ ഛായാഗ്രഹണവും ദിബു നൈനാൻ തോമസ് സംഗീതവും നിർവ്വഹിക്കുന്നു.

Tags:    

Similar News