കാത്തിരിപ്പിന് അവസാനം; ജൂനിയര്‍ എന്‍ടിആര്‍ നായകനായ ദേവര പാര്‍ട്ട് 1 ഒടിടിയിലേക്ക്; സ്ട്രീമിംഗ് ആരംഭിക്കുക നവംബര്‍ 8 ന് നെറ്റ്ഫ്ലിക്സിലൂടെ
അന്യഭാഷകളിൽ നിന്നും ഒരുപാട് ആരാധകരുള്ള ഫിലിം ഇൻഡസ്ട്രിയാണ് തെലുങ്ക്. ടോളിവുഡിൽ ഈ വര്‍ഷത്തെ റിലീസുകളില്‍ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജൂനിയര്‍ എന്‍ടിആര്‍ നായകനായ ദേവര പാര്‍ട്ട് 1. കൊരട്ടല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 300 കോടി ബജറ്റിലാണ് ഒരുക്കിയത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഇപ്പോഴിതാ ഒടിടി റിലീസ് ഒരുങ്ങുകയാണെന്ന ഔദ്യോഗിക പ്രഖ്യാപണമെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ നവംബര്‍ 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും.
യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ 400 കോടിക്ക് മുകളില്‍ ആയിരുന്നു. ഭൈര എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാന്‍വി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്.
പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്,അഭിമന്യു സിംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‌നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.