പ്രീമിയർ ഷോകളുടെ ടിക്കറ്റ് വില്‍പ്പനയില്‍ മികച്ച പ്രതികരണം; പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറെ' നേടിയതെത്ര?; കണക്കുകള്‍ പുറത്ത്
കൊച്ചി: രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രം 'ഡീയസ് ഈറെ'യുടെ റിലീസിന് മുന്നോടിയായുള്ള പ്രീമിയർ ഷോകൾക്ക് മികച്ച പ്രതികരണം. വ്യാഴാഴ്ച കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ നടന്ന പ്രീമിയർ ഷോകളിൽ നിന്ന് ചിത്രത്തിന് 40 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപ്പന നേടാൻ സാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകൻ രാഹുൽ സദാശിവനും നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായക വേഷത്തിലെത്തുന്നത്. 'ക്രോധത്തിൻ്റെ ദിനം' എന്ന് അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ നിർമ്മാണ പങ്കാളികളാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഇ ഫോർ എക്സ്പെരിമെന്റസ് ആണ്. അന്താരാഷ്ട്ര തലത്തിൽ ഹോം സ്ക്രീൻ എന്റർടൈൻമെൻ്റ്സ് ആണ് വിതരണം നിർവഹിക്കുന്നത്.