47 വർഷത്തിന് ശേഷം രജനി-കമൽ ചിത്രം; സോഷ്യൽ മീഡിയയിൽ തരംഗമായി 'KHxRK' ഗ്ലിംപ്‌സ് വീഡിയോ; ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് നെൽസൺ; ആവേശത്തിൽ ആരാധകർ

Update: 2026-02-21 12:18 GMT

ചെന്നൈ: സിനിമാ ആരാധകർ ആകാംഷയോടെ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമൽഹാസനും ഒരുമിക്കുന്ന പുതിയ ചിത്രമായ 'KHxRK'-ന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്തിറങ്ങി. 47 വർഷത്തിനുശേഷം ഇന്ത്യൻ സിനിമയിലെ ഈ രണ്ട് അതികായന്മാർ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാർ ആണ്.

നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനിരുദ്ധ് സംഗീതവും രവി മേനോൻ ഛായാഗ്രഹണവും ആർ നിർമൽ എഡിറ്റിംഗും നിർവഹിക്കുന്നു. രാജ് കമൽ ഫിലിംസും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. 2027-ലെ പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗ്ലിംപ്‌സ് വിഡിയോ ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്നതാണ്.

നെൽസൺ സിനിമകളുടെ പതിവ് പ്രൊമോ ശൈലിയിൽ, 80-കളിലെ ഒരു വിന്റേജ് വൈബിലാണ് രജനികാന്തും കമൽഹാസനും പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും തനത് ശൈലികളും സ്വാഗും രസകരമായി വിഡിയോയിൽ കോർത്തിണക്കിയിരിക്കുന്നു. രജനികാന്തിനും കമൽഹാസനും ഒപ്പം നെൽസണും അനിരുദ്ധും വിഡിയോയിലുണ്ട്. ഇരുവരുടെയും മത്സരം കാണിച്ചുകൊണ്ട് തുടങ്ങി ഒരുമിച്ചുള്ള കാർ യാത്രയിലേക്ക് കടക്കുന്ന വിഡിയോ, ആരാണ് നായകൻ എന്ന് രജനിയും കമലും നെൽസനോട് ചോദിക്കുന്നിടത്ത് അവസാനിക്കുന്നു. നെൽസൺ ഉത്തരം നൽകുന്നതിന് മുമ്പേ വിഡിയോ അവസാനിക്കുന്നത് പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News