'ദ ഈഡിയറ്റ്സ് ആർ കമിംഗ്.. വണ്‍ ലാസ്റ്റ് റൈഡ്'; അവസാന വരവിനൊരുങ്ങി ഷാജി പാപ്പാനും പിള്ളേരും; ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിൽ
കൊച്ചി: മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം 'ആട് 3 - വൺ ലാസ്റ്റ് റൈഡ്' 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമെന്ന് സൂചിപ്പിക്കുന്ന ഈ ചിത്രത്തിൽ നടൻ ജയസൂര്യ ഷാജി പാപ്പൻ എന്ന ജനപ്രിയ കഥാപാത്രമായി വീണ്ടും എത്തുന്നു. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമയാണിത്.
ജയസൂര്യയെ കൂടാതെ വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾക്കും ലഭിച്ച മികച്ച സ്വീകാര്യതയാണ് മൂന്നാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം. 'ആട്' എന്ന ആദ്യ ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും പിന്നീട് വലിയൊരു വിഭാഗം പ്രേക്ഷകർ ഏറ്റെടുക്കുകയും ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് പുറത്തിറങ്ങിയ രണ്ടാം ഭാഗം വൻ വിജയമാണ് നേടിയത്. 2024 മാർച്ചിലായിരുന്നു 'ആട് 3' വരുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ 2024 ഒക്ടോബറിൽ സിനിമ തുടങ്ങുമെന്നും ചിത്രത്തിന്റെ ടൈറ്റിലായ 'ആട് 3 - വൺ ലാസ്റ്റ് റൈഡ്' എന്നതും പുറത്തുവിട്ടു. ഈ വർഷം ഫെബ്രുവരിയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ - ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ - വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്‍ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, പോസ്റ്റർ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
