സിനിമ സെറ്റിലെ ലഹരി ഉപയോഗം; ജാഗ്രതാ സമിതി രൂപീകരിക്കാന്‍ ഒരുങ്ങി ഫെഫ്ക; ലക്ഷ്യം നിരോധിത ലഹരിയുടെ വ്യാപനം സിനിമാ മേഖലയില്‍ പടരുന്നത് തടയുക എന്നത്; ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

Update: 2025-03-26 10:58 GMT

കൊച്ചി: സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയാന്‍ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ ഒരുങ്ങി ഫെഫ്ക. നിരോധിത ലഹരിയുടെ വ്യാപനം സിനിമാ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലഹരിയുടെ ഉപയോഗം തടയാനായി എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ജാഗ്രത ഉറപ്പാക്കും.

ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ എക്സൈസിനെ അറിയിക്കും. ജാഗ്രത സമിതികള്‍ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യം. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംവിധായകനും, പ്രൊഡക്ഷന്‍ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികള്‍.

കൊച്ചി സിറ്റി എക്സൈസ് കമ്മിഷണറുടെ സാന്നിധ്യത്തിലാണ് ഫെഫ്ക ജനറല്‍സെക്രട്ടറി ജാഗ്രതസമിതി രൂപവത്കരണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിനുമുന്നോടിയായി ഫെഫ്ക ഭാരവാഹികള്‍ നേരത്തെ എക്സൈസ് ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയിരുന്നു.

അതേസമയം, അടുത്തിടെ മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥിനെ കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം തുടങ്ങിയ നിരവധി സിനിമകളില്‍ മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചയാണ് രഞ്ജിത്ത് ഗോപിനാഥന്‍. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News