ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ നീക്കം ചെയ്തു; നീക്കം ചെയ്ത ശേഷം വീണ്ടും നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനത്തിന് എത്തി അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നീക്കംചെയ്തിരുന്ന അജിത്കുമാര്‍ ചിത്രം ഗുഡ് ബാഡ് അഗ്ലി വീണ്ടും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സില്‍ എത്തി. ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ മദ്രാസ് ഹൈക്കോടതി ചിത്രം താത്കാലികമായി നിരോധിച്ചിരുന്നു. നിര്‍ദേശപ്രകാരം ഗാനങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിന് വന്നത്.
'നാട്ടുപുരപ്പാട്ട്'യിലെ ഒത്ത രൂപ താരേന്, 'സകലകലാവല്ലവന്'യിലെ ഇളമൈ ഇതോ ഇതോ, 'വിക്ര'യിലെ എന്‍ ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ രണ്ട് ഗാനങ്ങള്‍ക്ക് പകരം ജി.വി. പ്രകാശ് കുമാര്‍ ഒരുക്കിയ പുതിയ പശ്ചാത്തലസംഗീതം ചേര്‍ക്കുകയായിരുന്നു. 'ഇളമൈ ഇതോ ഇതോ'യ്ക്ക് പകരം ഡാര്‍ക്ക് കീ നാഗരാജിന്റെ പുലി പുലി എന്ന പാട്ട് ഉള്‍പ്പെടുത്തി.
അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെ ഇളയരാജ നേരത്തെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിരുന്നു. ആവശ്യമായ തിരുത്തലുകള്‍ നടത്തിയതോടെ ചിത്രം ഇപ്പോള്‍ പ്രേക്ഷകര്‍ക്കായി വീണ്ടും ഒടിടിയില്‍ ലഭ്യമാണ്.