'പുഷ്പ' യ്ക്ക് മുന്നിലും കാലിടറിയില്ല; തീയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മി കോമ്പോ; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് 'ഹലോ മമ്മി'
കൊച്ചി: വ്യത്യസ്തമായ പ്രമേയവുമായെത്തി ജനപ്രീതി പിടിച്ചു പറ്റി മുന്നേറുകയാണ് 'ഹലോ മമ്മി'. ഫാന്റസി ഹൊറർ കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നവംബർ 21ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം മൂന്നാം വാരത്തിൽ 112 തിയറ്ററുകളിൽ നിറഞ്ഞ സദസ്സോടെ പ്രദർശനം തുടരുകയാണ്.
വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ അല്ലു അർജുൻ ചിത്രമായ 'പുഷ്പ' യ്ക്ക് മുന്നിലും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മി കോമ്പോയുടെ ചിത്രം പിടിച്ചു നിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം തിയറ്ററുകളിൽ എത്തുന്നതായാണ് റിപ്പോർട്ട്. ഹൊറർ എലമെന്റിനോടൊപ്പം നർമ്മം കൂടി ആയപ്പോൾ ചിത്രം തീയേറ്ററുകളിൽ ഗംഭീര അനുഭവമായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
നവംബര്‍ 21നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്നൊരു പ്രേത്യകത കൂടിയുണ്ട് 'ഹലോ മമ്മി' എന്ന ചിത്രത്തിന്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനാണ് സണ്ണി ഹിന്ദുജ.
അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 2018, ആർഡിഎക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ.