ഓണം റിലീസിന് ഒരുങ്ങി മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം; 'ഹൃദയപൂർവ്വം' ഫൈനൽ മിക്സ് പൂർത്തിയായി

Update: 2025-08-22 10:47 GMT

കൊച്ചി: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന്റെ ഫൈനൽ മിക്സിംഗ് പൂർത്തിയായതായും ഓണം റിലീസായി ഓഗസ്റ്റ് 28-ന് തിയേറ്ററുകളിൽ എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആയിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച ചിത്രം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് 'ഹൃദയപൂർവ്വം' നിർമ്മിക്കുന്നത്.

സംവിധായകന്റെ മകൻ കൂടിയായ അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പി. ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനൻ നായികയാവുന്ന ചിത്രത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ്, സംഗീത് പ്രതാപ്, സംഗീത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവർ അതിഥി താരങ്ങളായും എത്തുന്നുണ്ട്. 'നാടോടിക്കാറ്റ്', 'രസതന്ത്രം', 'പിൻഗാമി' തുടങ്ങിയ നിരവധി ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

Tags:    

Similar News