മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ 'ഹൃദയപൂർവം'; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ
കൊച്ചി: മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹൃദയപൂർവ്വം' ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഓഗസ്റ്റ് 25-ന് രാവിലെ 10 മണി മുതൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താടി ട്രിം ചെയ്ത് സ്റ്റൈലിഷ് ലുക്കിലാണ് അദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മാളവിക മോഹനനാണ് നായിക. ഇതൊരു പാൻ-ഇന്ത്യൻ സിനിമയല്ലെന്നും, 'നേര്' എന്ന ചിത്രത്തിലേതുപോലെ പ്രേക്ഷകർക്ക് തങ്ങളിൽ ഒരാളായി കാണാൻ സാധിക്കുന്ന, ജീവിതഗന്ധിയായ ഒരു കഥാപാത്രത്തെയാണ് മോഹൻലാലിലൂടെ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ സത്യൻ അന്തിക്കാട് മുൻപ് വ്യക്തമാക്കിയിരുന്നു.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാം നായകനായ 'മകൾ' എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന സിനിമ എന്ന നിലയിലും 'ഹൃദയപൂർവ്വം' ശ്രദ്ധ നേടുന്നു.