'ഒരു സിനിമയ്ക്ക് വ്യക്തിയെയും സമൂഹത്തെയും പ്രചോദിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം'; 'ഹൃദയപൂർവം' ചിത്രത്തിനെ അഭിനന്ദിച്ച് ഐഎംഎ അവയവദാന സെൽ
കൊച്ചി: മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഹൃദയപൂർവം' എന്ന സിനിമയെ അഭിനന്ദിച്ച് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അവയവദാന സെൽ. അവയവദാനത്തിന്റെ നല്ല വശങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ചിത്രം, അവയവദാനത്തിനായി കാത്തിരിക്കുന്ന നിരവധി രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ഐഎംഎ പുനർജനി കോ-കൺവീനർ ഡോ. ജോസ് ഉക്കൻ പറഞ്ഞു.
അവയവദാന രംഗം നിലവിൽ നേരിടുന്ന വെല്ലുവിളികൾക്കിടയിലാണ് 'ഹൃദയപൂർവം' എന്ന സിനിമയുടെ പ്രസക്തിയെന്ന് ഡോ. ഉക്കൻ ചൂണ്ടിക്കാട്ടി. "ഒരു സിനിമ ഒരു വ്യക്തിയെയും സമൂഹത്തെയും പ്രചോദിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരം 'ഹൃദയപൂർവം' ആണ്. ആവശ്യക്കാർ ഏറി വരുമ്പോഴും ദാതാക്കളുടെ എണ്ണം കുറയുന്ന ഈ സാഹചര്യത്തിൽ, ഈ സിനിമ ഒരുപാട് പേർക്ക് പ്രതീക്ഷയേകും," അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 2018-ൽ പുറത്തിറങ്ങിയ ഒരു സിനിമയിൽ അവയവദാനത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് നിരവധിപേർ അവയവദാനത്തിൽ നിന്ന് പിന്മാറിയത് വേദനയുളവാക്കുന്ന അനുഭവമായിരുന്നെന്നും ഡോ. ഉക്കൻ അനുസ്മരിച്ചു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി, അവയവദാനത്തിന്റെ പ്രാധാന്യവും നന്മയും എടുത്തു കാണിക്കുന്നതിൽ 'ഹൃദയപൂർവം' വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏത് കലയ്ക്കും സാമൂഹിക പ്രതിബദ്ധതയുണ്ടെന്നും, പലപ്പോഴും അത് സ്വാർത്ഥലാഭത്തിന് വേണ്ടി മറക്കപ്പെടുന്നെന്നും ഡോ. ജോസ് ഉക്കൻ പറഞ്ഞു. 'ഹൃദയപൂർവം' പോലുള്ള സാമൂഹിക ഉത്തരവാദിത്തം നിറഞ്ഞ സിനിമകൾക്ക് മെഡിക്കൽ രംഗത്തും പൊതുസമൂഹത്തിലും വലിയ സ്വീകാര്യത ലഭിക്കുമെന്നും, രോഗികൾക്ക് പുതിയ ജീവിതം നൽകാൻ ഈ സിനിമ പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.