ഇതുവരെ കണ്ടതൊന്നുമല്ല ഇനി കാണാൻ പോകുന്നതാണ് ശരിക്കുള്ള അടി!; യാഷ് ചിത്രം 'ടോക്സിക്' ൽ ആക്ഷൻ കൊറിയോഗ്രാഫറായി ജെജെ പെറി; ഒരുങ്ങുന്നത് ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് മോഡൽ ആക്ഷൻ?
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് യാഷ്. ചിത്രം ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്നു എന്നത് മലയാളി പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. ചിത്രം ഉപേക്ഷിച്ചുവെന്ന വാർത്തകൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളി യാഷ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പ്രേക്ഷകരിൽ ആകാംഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഇതുവരെ ഇന്ത്യൻ സിനിമ കണ്ട ആക്ഷനാവില്ല ചിത്രത്തിലെന്ന കാര്യമാണ് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുന്നത് ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്,ഡേ ഷിഫ്റ്റ് പോലുള്ള ചിത്രങ്ങളില്‍ സ്റ്റണ്ട് ഒരുക്കിയ ജെജി പെറിയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജെജി പെറി മുംബൈ ഏയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോകള്‍ ഇതിനകം വൈറലായിട്ടുണ്ട്.
ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ടാഗ്ലൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.
നേരത്തെ നൽകിയൊരു അഭിമുഖത്തിൽ യാഷ് ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ പങ്കു വെച്ചിരുന്നു. ഒരു ചെറിയ ആശയത്തിൽ നിന്നും ആരംഭിച്ച ചിത്രം നേരത്തെ തീരുമാനിച്ചിരുന്നതിൽ നിന്ന് വലിയ രീതിയിൽ വികസിച്ചിട്ടുണ്ടെന്നും യാഷ് വെളിപ്പെടുത്തിയിരുന്നു. ഗീതുവിന്റെ മുൻ ചിത്രങ്ങളായ ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നിവയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും ഈ സിനിമയെന്നും താരം വ്യക്തമാക്കി. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു വാണിജ്യ ചിത്രമായിരിക്കും ‘ടോക്സിക്’ കൂടാതെ, മികച്ച സ്ത്രീ കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നും യഷ് പറഞ്ഞിരുന്നു.
2023 ഡിസംബറിൽ ടോക്സിക് പ്രഖ്യാപിച്ചത്. ചിത്രം 2025 ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തും. മറ്റ് അഭിനേതാക്കളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, യാഷിന്റെ നായികയായി കിയാര അദ്വാനി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം നയൻതാര യാഷിന്റെ സഹോദരിയായി വേഷമിടുമെന്നാണ് വിവരം.