'കാന്ത' യുടെ മാജിക് ലോകം അനുഭവിക്കുന്നതിനായി കാത്തിരിക്കുന്നു..; ലക്കി ഭാസ്‍കറിനു ശേഷം വീണ്ടും തെലുങ്ക് ചിത്രവുമായി ദുൽഖർ സൽമാൻ; പ്രതീക്ഷ പങ്ക് വെച്ച് നായിക
ഹൈദരാബാദ്: 'കിംഗ് ഓഫ് കൊത്ത' യുടെ പരാജയത്തിന് ശേഷം ഗംഭീര തിരിച്ചു വരവാണ് ദുൽഖർ സൽമാൻ നടത്തിയത്. ലക്കി ഭാസ്‍കര്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ താരം വരാനിരിക്കുന്ന ചിത്രങ്ങളുടെ ഒരുക്കങ്ങളിലാണ്. കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്‍കര്‍. ദുൽഖറിന്റെ അടുത്ത ചിത്രവും മറുഭാഷയില്‍ നിന്നാണ്. തമിഴില്‍ നിന്നെത്തുന്ന, സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാന്ത എന്ന തെലുങ്ക് ചിത്രമാണ് അത്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായികയായ ഭാഗ്യശ്രീ ബോര്‍സെ.
ഒപ്പം ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകളും ചുരുക്കം വാക്കുകളില്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്. "ഞങ്ങളുടെ ചിത്രം കാന്തയുടെ മാജിക് ലോകം അനുഭവിക്കുന്നതിനായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം, എന്‍റെ ഏറ്റവും പ്രിയങ്കരനായ ദുല്‍ഖറിനൊപ്പം", എന്നാണ് അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഭാഗ്യശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമെത്തിയത്. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നീ ബാനറുകളിൽ റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം തെലുങ്കില്‍ നിന്ന് ദുല്‍ഖറിന് മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'ആകാശം ലോ ഒക താര' എന്നാണ് ചിത്രത്തിന്റെ പേര്. പവൻ സാദിനേനിയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.