കേരളത്തിന് വേണ്ടേ വേണ്ട; കാമാഖ്യ നാരായൺ സിംഗ് ചിത്രത്തിന് ബോക്സ് ഓഫീസിൽ ദയനീയ പ്രകടനം; നാല് ദിവസം കൊണ്ട് 'കേരള സ്റ്റോറി 2' നേടിയതെത്ര?; കണക്കുകൾ പുറത്ത്
കൊച്ചി: വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത 'കേരള സ്റ്റോറി 2'ന് ബോക്സ് ഓഫീസിൽ ദയനീയ പ്രകടനം. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് കേവലം 2 കോടി രൂപ മാത്രമാണ്. വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലും ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാനായില്ല.
സാക്നിൽക് റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടാനായത് 75 ലക്ഷം രൂപയായിരുന്നു. പിന്നീട് കളക്ഷനിൽ കാര്യമായ വർദ്ധനവുണ്ടായില്ല, ഇതോടെ നാലാം ദിനത്തിലെ ആകെ വരുമാനം 2 കോടി രൂപയിൽ ഒതുങ്ങി. നിർബന്ധിത ബീഫ് തീറ്റയും മതസ്പർദ്ധ വളർത്തുന്നതുമായ നിരവധി രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയതിനെതിരെ തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, തങ്ങൾ അവതരിപ്പിക്കുന്നത് യഥാർത്ഥ സംഭവങ്ങളാണെന്ന് അണിയറപ്രവർത്തകർ വാദിച്ചു.
കേരളത്തിലെ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'യുടെ തുടർച്ചയെന്നോണമാണ് കാമാഖ്യ നാരായൺ സിങ്ങിന്റെ ഈ ചിത്രം എത്തുന്നത്. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചു.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് 'കേരള സ്റ്റോറി 2'നെ "ബുൾഷിറ്റ് പ്രൊപ്പഗണ്ട" എന്ന് തുറന്നടിച്ചു. ഈ വിമർശനങ്ങളെ അവഗണിച്ച് സംവിധായകൻ കാമാഖ്യ നാരായൺ സിങ്, അനുരാഗ് കശ്യപിന് മാനസിക പ്രശ്നമുണ്ടെന്നും സമൂഹത്തിൽ നിർബന്ധിത ബീഫ് തീറ്റയും മതപരിവർത്തനങ്ങളും നടക്കുന്നുണ്ടെന്നും വാദിച്ചു. എന്നാൽ പ്രേക്ഷകരുടെ പിന്തുണയില്ലാതെ വന്നതോടെ, കേരളത്തിലടക്കം നിരവധിയിടങ്ങളിൽ ചിത്രത്തിന്റെ പ്രദർശനങ്ങൾ റദ്ദാക്കേണ്ടി വന്നു.