വീണ്ടും ഞെട്ടിക്കാൻ ഋഷഭ് ഷെട്ടി; കാന്താരയുടെ രണ്ടാം ഭാഗമായ 'കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ: പാൻ ഇന്ത്യാ തലത്തിൽ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു 'കാന്താര'. പ്രധാന വേഷത്തിലെത്തിയ ഋഷഭ് ഷെട്ടി തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായെത്തിയ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടുത്ത വർഷം ഒക്ടോബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
രണ്ടാം ഭാഗത്തിൽ കാന്താരയുടെ ബാക്കി കഥയല്ല ചിത്രീകരിക്കുന്നത്, ഒന്നാം ഭാഗത്തിനു മുൻപുള്ള കാലഘട്ടം കാണിക്കുന്ന പ്രീക്വലാണ് എന്നാണ് റിപ്പോർട്ട്. 'കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ' എന്നാണ് പ്രീക്വലിന്റെ പേര്. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു.
കന്നഡയിൽ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. കാന്താര 2ൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് പറയുക എന്നാണ് സൂചന.
2022 സെപ്റ്റംബറിലായിരുന്നു കാന്താര പ്രദര്‍ശനത്തിനെത്തിയത്. കന്നഡ ഭാഷയിലെത്തിയ ചിത്രം പിന്നാലെ തന്നെ രാജ്യത്താകമാനം വന്‍തോതില്‍ ശ്രദ്ധിക്കപ്പെട്ടു. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. 2022-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ സിനിമ കൂടിയായിരുന്നു ഇത്. 54-ാമത് ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ സിൽവർ പീക്കോക്ക് - പ്രത്യേക ജൂറി അവാർഡ് നേടാനും ചിത്രത്തിനായിരുന്നു.