33 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്നം-രജനികാന്ത് ചിത്രം; ഔദ്യോഗിക പ്രഖ്യാപനം രജനികാന്തിന്റെ പിറന്നാള്‍ ദിവസം എത്തിയേക്കും
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ മണിരത്നവും തിമഴ്‌സ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും 33 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 12-ന് രജനികാന്തിന്റെ പിറന്നാള്‍ ദിവസം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
1991 ല്‍ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം. മഹാഭാരതത്തിലെ കര്‍ണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മമ്മൂട്ടിയും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവര്‍ക്കും പുറമെ അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ഇളയരാജയായിരുന്നു സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ദളപതി.
അതേസമയം കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ 'തഗ് ലൈഫി'ന്റെ പണിപ്പുരയിലാണ് മണിരത്‌നം ഇപ്പോള്‍. 7 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന കൂടിയാണിത്. ചിമ്പു, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജനികാന്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കള്‍. 'വേട്ടയ്യന്‍' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്