നിവിനും നയൻതാരയും വീണ്ടും ഒന്നിക്കുന്നു; 'ഡിയര്‍ സ്റ്റുഡന്‍റ്സ്' പൂര്‍ത്തിയായി; പാക്കപ്പ് വീഡിയോ പങ്കുവെച്ച് നിവിൻ പോളി
കൊച്ചി: ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും, തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഡിയര്‍ സ്റ്റുഡന്‍റ്സ്'. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. പ്രഖ്യാപനം എത്തിയത് മുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'ഡിയര്‍ സ്റ്റുഡന്‍റ്സ്'. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്.
ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് അറിയിച്ചിരിക്കുന്നത്. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാക്കപ്പ് വീഡിയോയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന നിവിനെയും നയന്‍താരയെയും കാണാം.
ആറ് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്.
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.