50 ദിനങ്ങള്‍ പൂര്‍ത്തിയാക്കി 'പണി'; ജോജുവിന്റെ സംവിധാന അരങ്ങേറ്റം പ്രേക്ഷകർക്ക് നൽകിയത് ഇടിവെട്ട് തിയേറ്റർ എക്സ്പീരിയൻസ്; ചിത്രം ബോക്സ് ഓഫീസിൽ നേടിയതെത്ര ?
കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ചിത്രമായിരുന്നു ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച 'പണി'. ജോജു തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രം മറ്റ് ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക നിരൂപക പിടിച്ച് പറ്റിയ ചിത്രം ബോക്സ് ഓഫിസിൽ വലിയ വിജയമായെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തിയേറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് കളക്ഷൻ റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
ബോക്സ് ഓഫീസില്‍ ചിത്രം 35 കോടി നേടി എന്നാണ്റിപ്പോർട്ടുകൾ. മുതല്‍മുടക്ക് പരിഗണിക്കുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റ് ആണെന്നാണ് മനസ്സിലാക്കേണ്ടത്. അതേസമയം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അണിയറക്കാര്‍ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
അഭിനയ നായികയായി എത്തിയ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രങ്ങളായി എത്തിയ സാഗറും ജുനൈസും പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. ചിത്രത്തിനായി ഛായാഗ്രഹണം വേണു ഐഎസ്‍സി, ജിന്‍റോ ജോർജ് എന്നിവർ നിർവഹിച്ചപ്പോൾ മനു ആന്‍റണി ആയിരുന്നു എഡിറ്റിംഗ്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം ഒരുക്കിയത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, സ്റ്റണ്ട് ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.