'അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം'; യാഷ് ചിത്രം പറഞ്ഞ സമയത്ത് തീയേറ്ററുകളിൽ എത്തും; 'ടോക്‌സിക്' നിർത്തിവെച്ചുവെന്ന വാർത്തകൾ തള്ളി നിർമ്മാതാക്കൾ

Update: 2025-10-30 11:58 GMT

ബംഗളൂരു: സംവിധായിക ഗീതു മോഹൻദാസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് യാഷ് നായകനാകുന്ന 'ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' എന്ന ചിത്രം അനിശ്ചിതമായി നിർത്തിവെച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി നിർമ്മാതാക്കൾ. ചിത്രം മുൻ നിശ്ചയിച്ച പ്രകാരം അടുത്ത വർഷം മാർച്ച് 3-ന് ഉഗാദി ആഘോഷങ്ങളോടനുബന്ധിച്ച് പ്രദർശനത്തിനെത്തുമെന്ന് കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.

ചിത്രം നിർത്തിവെക്കുകയോ വൈകുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നിരൂപകനും നിരീക്ഷകനുമായ തരുൺ ആദർശ് എക്സിൽ പങ്കുവെച്ച കുറിപ്പ് റീ-ട്വീറ്റ് ചെയ്തുകൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി ആവർത്തിച്ചത്. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് തരുൺ ആദർശ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, സംവിധായികയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ചിത്രം അനന്തമായി നിർത്തിവെച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കന്നഡ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. ചിത്രീകരണം ഗീതു മോഹൻദാസ് പൂർത്തിയാക്കിയ ഭാഗങ്ങളിൽ യാഷിന് തൃപ്തിയുണ്ടായിരുന്നില്ലെന്നും അതിനാൽ ചിത്രീകരണം നിർത്തിവെച്ചുവെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ.

കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട് കെ. നാരായണനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിൻ്റെ ബാനറിൽ യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം തെലുങ്കിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രദർശനത്തിനെത്തും. 2022-ൽ പുറത്തിറങ്ങിയ 'കെജിഎഫ്: ചാപ്റ്റർ 2'ന് ശേഷം യാഷിൻ്റെതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്‌സിക്'.

Tags:    

Similar News