സിനിമാ സെറ്റുകളില്‍ ലഹരിവിരുദ്ധ റെയ്ഡുകള്‍ നടത്തണം; ഇപ്പോള്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; സിനിമയില്‍ സാങ്കേതിക പ്രവര്‍ത്തകരിലാണ് ലഹരി ഉപയോഗം കൂടുതല്‍: സജി നന്ത്യാട്ട്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രശസ്ത മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കേസില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഫെഫ്കയും ഫിലിം ചേംബറും അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ സെറ്റുകളില്‍ ലഹരിവിരുദ്ധ റെയ്ഡുകള്‍ നടത്തണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് മുന്നോട്ടുവന്നു.
സിനിമയില്‍ സാങ്കേതിക പ്രവര്‍ത്തകരിലാണ് ലഹരി ഉപയോഗം കൂടുതലെന്നും, ഇപ്പോള്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സജി ചൂണ്ടിക്കാട്ടി.
പുലര്‍ച്ചെ 2 മണിയോടെയായിരുന്നു എക്സൈസ് വിഭാഗം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധന. ചേരിയില്‍ നടന്ന റെയ്ഡില്‍ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. അനുരാഗ കരിക്കിന്‍ വെള്ളം, തല്ലുമാല, ലവ്, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഖാലിദ് റഹ്‌മാനും, തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഷ്റഫ് ഹംസയുമാണ് പിടിയിലായത്.
പിടിയിലായ ഇരുവരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫെഫ്ക അധ്യക്ഷന്‍ സിബി മലയില്‍ പ്രസ്താവിച്ചതനുസരിച്ച്, ഖാലിദ് റഹ്‌മാനെയും അഷ്റഫ് ഹംസയെ സസ്പെന്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലഹരിക്കെതിരെ മുന്നൊരുക്കങ്ങളോടെയാണ് ഫെഫ്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.