'ലക്കി ഭാസ്‌കറി'ന് ശേഷം സൂര്യയെ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രം; മമിത ബൈജു നായിക; 'വിശ്വനാഥ് ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക് പുറത്ത്
ചെന്നൈ: തെന്നിന്ത്യൻ താരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'വിശ്വനാഥ് ആൻഡ് സൺസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കുഞ്ഞിനെ കയ്യിലെടുത്ത് പാൽകുപ്പിയുമായി നിൽക്കുന്ന സൂര്യയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം 'ലക്കി ഭാസ്‌കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണിത്. ഒരു പക്കാ ഫീൽ ഗുഡ് ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സമീപകാലത്തിറങ്ങിയ സൂര്യ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തിൽ, ഹിറ്റ് സംവിധായകനൊപ്പമുള്ള ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിത്രത്തിൽ പ്രധാന വേഷത്തിൽ മലയാളി താരം മമിത ബൈജു എത്തുന്നുണ്ട്. 'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം മമിതയ്ക്ക് തമിഴിൽ ലഭിക്കുന്ന വലിയ പ്രോജക്റ്റുകളിൽ ഒന്നാണിത്. പ്രശസ്ത മലയാളി ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സിതാര എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.