'ഫോറൻസിക്' ടീമിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ടൊവിനോ തോമസിന്റെ നായികയായി തൃഷ; 'ഐഡന്റിറ്റി' യുടെ അപ്ഡേറ്റെത്തി
കൊച്ചി: ടൊവിനോ തോമസ് നായകനാവുന്ന ഇൻവിസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'ഐഡന്റിറ്റി'. എആർഎം എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം താരം പ്രധാന വേഷത്തിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് റിലീസിനൊരുങ്ങുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് നായിക. ടൊവിനോ തോമസിന്റെ ഫോറൻസിക് എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഖിൽ പോളും അനസ് ഖാനുമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയരുന്നു.
അഖിൽ ജോർജ് ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. എം ആർ രാജാകൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്. സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്. രാഗം മൂവീസിൻ്റെയും കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെയും ബാനറിൽ രാജു മല്യത്ത്, ഡോ റോയ് സിജെ എന്നിവർ ചേർന്നാണ് 'ഐഡൻ്റിറ്റി' നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്.
ഡോക്ടർ, തുപ്പരിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ചിത്രത്തിലുള്ളത്. തമിഴ് ചിത്രമായ മാവീരനിലൂടെ ശ്രദ്ധിക്കപ്പെട്ട യാനിക് ബെൻ, ഫീനിക്സ് പ്രബു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. മേക്ക് അപ്പ് റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറും ആണ്.