ബജറ്റ് 600 കോടി കടന്നു, ചിത്രീകരണം പൂർത്തിയായത് 60 ശതമാനം മാത്രം; സംവിധാനം ഗീതു മോഹൻദാസിൽ നിന്ന് യാഷ് ഏറ്റെടുത്തു; 'ടോക്സിക്' പ്രതിസന്ധിയിൽ
ബെംഗളൂരു: 'കെജിഎഫ്' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പാൻ ഇന്ത്യൻ താരം യാഷ് നായകനാകുന്ന 'ടോക്സിക്' കടുത്ത പ്രതിസന്ധിയിൽ. സിനിമയുടെ സംവിധാന ചുമതല ഗീതു മോഹൻദാസിൽ നിന്ന് യാഷ് ഏറ്റെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രീകരണം തുടർച്ചയായി വൈകുന്നതും ബജറ്റ് 600 കോടി കടന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്.
'കെജിഎഫി'ന്റെ വൻ വിജയത്തിന് ശേഷം വരുന്ന ചിത്രം പരാജയപ്പെടരുതെന്ന നിർബന്ധം യാഷിനുണ്ട്. ഇതിനാൽ സിനിമയുടെ പൂർണ നിയന്ത്രണം താരം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് സൂചന. യാഷിന്റെ അമിതമായ ഇടപെടൽ സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായും ഇത് തുടർച്ചയായ റീഷൂട്ടുകളിലേക്കും ചിത്രീകരണം നിർത്തിവെക്കുന്നതിലേക്കും നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
2023-ൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. പ്രതീക്ഷിച്ചതിലും വളരെ ഉയർന്ന് ബജറ്റ് 600 കോടിയിലെത്തിയതായും വാർത്തകളുണ്ട്. ഇതിനിടെ, ചിത്രീകരണത്തിനായി ബെംഗളൂരുവിൽ മരങ്ങൾ മുറിച്ചുമാറ്റിയെന്ന പരാതിയിൽ നിർമ്മാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും സിനിമയ്ക്ക് തിരിച്ചടിയായിരുന്നു.
'കെജിഎഫ് 2' പുറത്തിറങ്ങി മൂന്ന് വർഷം പിന്നിടുമ്പോൾ യാഷിന്റേതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്സിക്'. 'മൂത്തോന്' ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതും, യാഷിനെപ്പോലൊരു മാസ് താരത്തെ ഗീതു എങ്ങനെ അവതരിപ്പിക്കുമെന്നതും വലിയ കൗതുകമുണർത്തിയിരുന്നു.
ഹോളിവുഡ് ശൈലിയിലുള്ള മാസ് ആക്ഷൻ ചിത്രമായിരിക്കുമെന്ന സൂചന നൽകിയ ടീസറും പ്രതീക്ഷകൾ വാനോളം ഉയർത്തി. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതോടെ, ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.