ഇതാ ലോകസനിമാ ചരിത്രത്തിലെ ഏറ്റവും പൊട്ടക്കഥ! എട്ടുനിലയില്‍ പൊട്ടി സിക്കന്ദര്‍; ഗുണ്ടകളെ പറപ്പിക്കുന്ന പഴയ മോഡല്‍ നായകന്‍ അസഹനീയം; എ ആര്‍ മുരുഗദോസിന്റെ ബോളിവുഡ് സംരംഭം ഫ്ളോപ്പ്; നാഷണല്‍ ക്രഷ് രശ്മി മന്ദാനയും വേസ്റ്റ്; സല്‍മാന്‍ ഖാന്‍ യുഗം അവസാനിക്കുന്നോ?

ഇതാ ലോകസനിമാ ചരിത്രത്തിലെ ഏറ്റവും പൊട്ടക്കഥ!

Update: 2025-04-01 07:53 GMT

ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രവും തല്ലിപ്പൊളിയുമായ ഒരു കഥ. അതാണ് സല്‍മാന്‍ ഖാന്‍ നായകനായി, തമിഴിലിലെ ഹിറ്റ്മേക്കര്‍ എ ആര്‍ മുരുഗദോസ് എടുത്ത ഹിന്ദി ചിത്രം സിക്കന്ദര്‍. ഗജനി, തുപ്പാക്കി, കത്തി, സര്‍ക്കാര്‍, ദര്‍ബാര്‍ തുടങ്ങിയ ഒരുപാട് ഹിറ്റ് ചിത്രങ്ങളിലുടെ തമിഴകത്ത്, ശ്രദ്ധേയനായ എ ആര്‍ മുരുഗദോസ്, സല്‍മാന്‍ഖാനുമൊന്നിച്ച് ബോളിവുഡില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ 'സിക്കന്ദര്‍' എന്ന പേരിലറിങ്ങിയ ഈ ചിത്രത്തിന് എട്ടുനിലയില്‍ പൊട്ടാനാണ് വിധി. എ ആര്‍ മുരുഗദോസിന്റെ പടങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വേഗതതയും പുതുമയുമായിരുന്നു. വിജയെയും രജനിയെയുംവെച്ചുമൊക്കെ അയാള്‍ ഹിറ്റുണ്ടാക്കി. ഇന്ത്യന്‍ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു സൂര്യ നായകനായ ഗജിനി. ഇന്നും മുരുഗദോസ് അറിയപ്പെടുന്നത് ഗജിനിയുടെ സംവിധായകന്‍ എന്ന നിലക്കാണ്.ചിത്രം മുരുഗദോസ് ഹിന്ദിയിലെത്തിച്ചപ്പോഴും വലിയ വിജയം നേടിയിരുന്നു. ആമിര്‍ ഖാന്‍ ആയിരുന്നു, ഹിന്ദിയില്‍ സൂര്യയുടെ വേഷം ചെയ്തത്. ചിത്രം വന്‍ വിജയമായിരുന്നു.

എഴുത്തുകാരന്‍, സംവിധായകന്‍ എന്ന നിലയിലൊക്കെപേരുള്ള മുരുഗദോസ്, സല്‍മാന്‍ ഖാനെ നായകനാക്കി ചിത്രം എടുക്കുന്നുവെന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. പക്ഷേ ചിത്രം കണ്ടതോടെ ആ ആവേശമെല്ലാംപോയി. തനി കട്ട ലോക്കല്‍ പടം. അടിയും, ഇടിയും, വെടിയുമായി സല്‍മാന്‍ഖാന്റെ പതിവ് വണ്‍മാന്‍ഷോ. അസഹനീയം എന്നേ പറയാന്‍ കഴിയൂ.

പൊട്ടക്കഥയില്‍ കെട്ടിപ്പൊക്കിയ പടം

ശരിക്കും പൊട്ടക്കഥ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. രാജ്കോട്ടിലെ ഒരു രാജാവാണ് സല്‍മാന്റെ കഥാപാത്രം. ആള് ആ നാട്ടിലെ ഒരു ആറാം തമ്പുരാനാണ്. അദ്ദേഹത്തിന്റെ ഭാര്യയായ രാജ്ഞിയാണ്, രശ്മിക മന്ദാന എന്ന നാഷണല്‍ ക്രഷിന്റെ കഥാപാത്രം. അവര്‍ അങ്ങനെ ആടിപ്പാടി സുഖമായി കഴിയുന്നതിനിടയിലാണ്, രാജ്ഞി കൊല്ലപ്പെടുന്നത്. ഈ രാജാവിന്റെ പ്രധാന പരിപാടി കരിങ്കല്ലുകള്‍ വെട്ടിവില്‍ക്കയൊക്കെയാണ്. അങ്ങനെ ക്വാറിയില്‍നിന്ന് ഒരു കല്ലുതെറിച്ച് നായിക മരിക്കയാണ്.


 



നായികയുടെ കണ്ണും, ശ്വാസകോശവും, ഹൃദയവുമൊക്കെ ഡൊണേറ്റ് ചെയ്യുന്നു. അതോടെയാണ് അങ്ങോട്ട് സെന്റിമെന്റല്‍ കഥ തുടങ്ങുന്നത്. തന്റെ പ്രണയിനിയുടെ അവയവങ്ങളുമായി ജീവിക്കുന്നവരെ കണ്ടെത്താനായി സല്‍മാന്റെ നായകന്‍ ഇറങ്ങിത്തിരിക്കയാണ്! അങ്ങനെ അയാള്‍ കണ്ണ് കിട്ടിയെ സ്ത്രീയെ കണ്ടെത്തുന്നു. കാജല്‍ അഗര്‍വാള്‍. അവളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് പിന്നെ ശ്വാസകോശം കിട്ടിയവന്റ അടുത്തേക്കായി. അത് അന്ധേരിയിലെ ഒരു പയ്യനാണ്. മുംബൈയിലെ മലിനീകരണംമൂലം, തന്റെ പ്രണയിനിയുടെ ശ്വാസംകോശം കഷ്ടപ്പെടുന്നത് കാണാന്‍ നമ്മുടെ ആറാം തമ്പുരാന് ആവുന്നില്ല. അയാള്‍ വേസ്റ്റ് മാഫിയക്കെതിരെ പോരടിച്ച് അവരെ തല്ലിയൊതുക്കുന്നു. പിന്നെ തന്റെ ഭാര്യയുടെ ഹൃദയം തേടി ഒരു യാത്രയാണ്. സ്പോയിലര്‍ ആവുമെന്ന് കരുതി അക്കഥ പറയുന്നില്ല. ഹോ, എത്ര മനോഹരമായ സബ്ജക്റ്റ്. എം ടി എഴുതുമോ ഇതുപോലെ ഒരു കഥ!

വിജയിയെയും രജനിയെയും വെച്ചുമൊക്കെ ഹിറ്റുകള്‍ ഉണ്ടാക്കിയ മുരുഗദോസ് ഇതുപാലെ ഒരു പൊട്ടക്കഥ പറഞ്ഞ് സല്‍മാനെ വീഴ്ത്തുമെന്ന് ആരും കരുതിയതല്ല. വളരെ മോശം പ്രതികരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമകള്‍ ഒന്നും തന്നെയില്ലാത്ത സിനിമയാണെന്നും വെറുതെ പണവും സമയവും നഷ്ടം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തെലുങ്ക് ചിത്രം രാജ വിക്രമര്‍ക്ക, വിജയ്യുടെ ബിഗില്‍ ഉള്‍പ്പെടെ പല തെന്നിന്ത്യന്‍ സിനിമകളും പൊടിതട്ടിയെടുത്തതാണ് ഈ സിനിമയെന്നും മുരുഗദോസ് മാജിക് നഷ്ടമായിരിക്കുന്നു എന്നൊക്കെയാണ് ചിത്രം കണ്ടിറങ്ങിവരുടെയും പ്രതികരണം. സിനിമയുടെ സംഗീതത്തിനും വലിയ വിമര്‍ശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് നാരായണന്‍ നല്‍കിയ സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കഥയുമായി ചേര്‍ന്ന് പോകുന്നതല്ല എന്നും ഗാനങ്ങള്‍ തങ്ങളെ ഒരുപാട് നിരാശപ്പെടുത്തിയെന്നും പ്രേക്ഷകര്‍ തുറന്നടിക്കുന്നു.

ഒരു മാറ്റവുമില്ലാതെ സല്‍മാനും

ചിത്രം റിലീസായതിനുശേഷം സല്‍മാന്‍ഖാനും വലിയ ട്രോളുകളാണ് ലഭിക്കുന്നത്. താരത്തിന്റെ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു, ഇത്. ടൈഗര്‍ 3യാണ് നേരത്തെ പ്രദര്‍ശനത്തിനെത്തിയ സല്‍മാന്‍ ചിത്രം. ഇത് ആവറേജ് ആയിരുന്നു. അതിന് മുന്‍പ് പുറത്തിറങ്ങിയ 'കിസി കാ ഭായ് കിസി കി ജാനും' ഹിറ്റായിരുന്നില്ല.

കൃഷ്ണമൃഗ വേട്ടയെ തുടര്‍ന്നുള്ള വിവാദങ്ങളെ തുടര്‍ന്ന്, ബിഷ്ണോയി സംഘത്തിന്റെ വധഭീഷണിമൂലം ഒളിവിലെന്നപോലെ ജീവിക്കുന്ന, ബോളിവുഡിലെ ബാഡ് ബോയ്ക്ക് ഇത് പൊതുവെ കഷ്ടകാലമാണ്. പക്ഷേ വയസ്സ് 60 കഴിഞ്ഞിട്ടും സല്‍മാന്‍ ഒരേ പാറ്റേണില്‍ സിനിമയെടുക്കുന്നതും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തന്റെ ചെറുപ്പകാലത്തെ അതേപോലെ അടി, ഇടി, വടി, പ്രണയം എന്ന ഫോര്‍മുലയിലാണ് ഈ മാറിയകാലത്തും അദ്ദേഹം സിനിമ പിടിക്കുന്നത്. ഈ രീതിയില്‍പോകുയാണെങ്കില്‍ സല്‍മാന്‍ വൈകാതെ ഫീല്‍ഡ് ഔട്ട് ആവുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.


 



പുഷ്പയിലുടെ നാഷണല്‍ ക്രഷ് ആയ രശ്മിക മന്ദാനക്കും ബോളിവുഡില്‍ ബ്രേക്ക് ആവുമെന്ന് കരുതിയ ചിത്രമാണിത്. പക്ഷേ ഒന്നും സംഭവിച്ചില്ല. സല്‍മാന്‍- രശ്മിക ജോഡിയും, അല്ലു- രശ്മിക ജോഡിയെപ്പോലെ നന്നായിട്ടില്ല. ഇരുവരുടെയും പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍ എത്തുകയും ചെയ്തിരുന്നു. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നമെന്ന് നടന്‍ ചോദിച്ചിരുന്നത്. മാത്രമല്ല, രശ്മികയ്ക്ക് മകള്‍ ഉണ്ടാവുമ്പോള്‍ അവള്‍ക്കൊപ്പവും അഭിനയിക്കും എന്നാണ് സല്‍മാന്‍ പകുതി തമാശയായി പറഞ്ഞതും വിവാദമായി. സല്‍മാന്‍ ഇപ്പോഴും 90കളില്‍ തന്നെ ജീവിക്കയാണ്. കാലവും സിനിമയും ഏറെ മാറിപ്പോയത് അദ്ദേഹത്തിന് മനസ്സിലാവുന്നില്ല.

സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ അടങ്ങിയ വലിയ താരനിര തന്നെയാണ് സിക്കന്ദറില്‍ അണിനിരക്കുന്നത്. എന്നിട്ടും ചിത്രം എവിടെയും എത്തിയിട്ടില്ല. നമ്മുടെ എമ്പുരാന്റെ പിറകിലാണ് ഈ ചിത്രം ബുക്കിങ്ങില്‍. സല്‍മാന്‍ യുഗം അവസാനിക്കുന്നവെന്നതിന്റെ സൂചന തന്നെയാണ് ഇത് നല്‍കുന്നത്.

വാല്‍ക്കഷ്ണം: കൂനില്‍മ്മേല്‍ കുരു എന്നപോലെ, സിക്കന്ദറിന്റെ വ്യാജ പതിപ്പും ചിത്രത്തിന് വിനയായി. റിലീസ് ദിവസം തന്നെ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍, സബ്ടൈറ്റില്‍ ഉള്‍പ്പെടെയുള്ള എച്ച്ഡി പ്രിന്റ് എത്തുകയാണ്!

Tags:    

Similar News