ഇറാന്‍ ഇനി പശ്ചിമേഷ്യയ്ക്ക് ഒരു ഭീഷണിയല്ല; ചുറ്റുമുള്ളവരോട് തോല്‍ക്കുന്നത് ആദ്യം; യുഎസിന്റെയും ഇസ്രയേലിന്റെയും നിരന്തരമായ ആക്രമണം കാരണമാണ് ഇറാന് മാപ്പു പറയേണ്ടി വന്നത്; ഇറാന്റെ മോശം പെരുമാറ്റം അവരുടെ പൂര്‍ണമായ നാശത്തിന് കാരണമായേക്കാം; ഇറാനെ പരിഹസിച്ചു ട്രംപ്
ഇറാന്‍ ഇനി പശ്ചിമേഷ്യയ്ക്ക് ഒരു ഭീഷണിയല്ല
വാഷിങ്ടണ്‍: ആക്രമണം നടത്തിയതിന് ഗള്‍ഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തിയ ഇറാനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്‍ ഇനി പശ്ചിമേഷ്യയ്ക്ക് ഭീഷണി അല്ലെന്നും മറിച്ച് ഒരു പരാജിത രാജ്യമാണെന്നും ഡൊണാള്‍ഡ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ട്രംപ് രംഗത്തുവന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് ഇറാന്‍ തോല്‍ക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ സൈനികനീക്കങ്ങള്‍ കാരണമാണ് ഇറാന്‍ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു.
'ഇറാന്‍ പശ്ചിമേഷ്യയിലെ അയല്‍ക്കാരോട് ക്ഷമാപണം നടത്തി കീഴടങ്ങിയിരിക്കുകയാണ്. ഇനി അവര്‍ക്കുനേരേ വെടിയുതിര്‍ക്കില്ലെന്നാണ് ഇറാന്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. യുഎസിന്റെയും ഇസ്രയേലിന്റെയും നിരന്തരമായ ആക്രമണം കാരണമാണ് ഇറാന് ഈ ഉറപ്പുനല്‍കേണ്ടിവന്നത്. പശ്ചിമേഷ്യ പിടിച്ചെടുക്കാനും ഭരിക്കാനുമായിരുന്നു അവരുടെ ശ്രമം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് ഇറാന്‍ തോല്‍ക്കുന്നത് ഇതാദ്യമാണ്. അവര്‍ 'താങ്ക് യൂ പ്രസിഡന്റ് ട്രംപ്' എന്ന് പറഞ്ഞു. 'യൂ ആര്‍ വെല്‍ക്കം' എന്ന് ഞാന്‍ അവരോട് പറഞ്ഞു', ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്‍ ഇനി പശ്ചിമേഷ്യയുടെ ഭീഷണി അല്ലെന്നും മറിച്ച് പശ്ചിമേഷ്യയുടെ തോല്‍വിയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ കീഴടങ്ങുന്നതുവരെയോ പൂര്‍ണമായും തകരുന്നതുവരെയോ അങ്ങനെതന്നെ തുടരും. ഇന്ന് ഇറാന് കനത്ത പ്രഹരമേല്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മോശം പെരുമാറ്റം കാരണം ഇതുവരെ ലക്ഷ്യമിടാത്ത പ്രദേശങ്ങളും ജനവിഭാഗങ്ങളും ആക്രമണങ്ങള്‍ നേരിടേണ്ടിവരാം. ഇറാന്റെ മോശം പെരുമാറ്റം ഇറാന്റെ പൂര്‍ണമായ നാശത്തിന് കാരണമായേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ചയാണ് ഇറാന്‍ പ്രസിഡന്റ് അയല്‍രാജ്യങ്ങളോട് ക്ഷമാപണം നടത്തിയത്. അയല്‍രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച അദ്ദേഹം, ഇറാനെതിരേ അവരുടെ പ്രദേശങ്ങളില്‍നിന്ന് ആക്രമണമുണ്ടായില്ലെങ്കില്‍ അയല്‍രാജ്യങ്ങള്‍ക്കുനേരേ മിസൈല്‍ ആക്രമണം നടത്തില്ലെന്നും ഉറപ്പുനല്‍കിയിരുന്നു. ഇറാനിലെ ഇടക്കാല നേതൃ കൗണ്‍സിലിന്റെ തീരുമാനമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇറാന്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് ഇറാനെതിരെ ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഗല്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചിരുന്നു. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അയല്‍രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇറാന്റെ പുതിയ നയപ്രഖ്യാപനം വന്നിരിക്കുന്നത്. ഇത് സമാധാന സന്ദേശം കൈമാറലായാണ് വിലയിരുത്തുന്നത്.
അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറാനെ ആക്രമിച്ചാല്‍ അതിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും പെസഷ്‌കിയാന്‍ നല്‍കി. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. കൊളോണിയല്‍ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഭിന്നതകള്‍ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികള്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പെസഷ്‌കിയാന്റെ പരാമര്‍ശം.
ശനിയാഴ്ച ടെലിവിഷന്‍ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് മസൂദ് പെഷസ്‌കിയാന്‍ ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയത്. ഇറാനെ സമീപ രാജ്യങ്ങള്‍ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താല്‍ക്കാലിക നേതൃത്വ കൌണ്‍സില്‍ തീരുമാനമെന്നാണ് മസൂദ് പെഷസ്‌കിയാന്‍ വിശദമാക്കിയത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്‌കിയാന്‍ ടെലിവിഷന്‍ പ്രസ്താവനയില്‍ വിശദമാക്കി.
ഇസ്രയേല്‍, യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്ഷമാപണം. ഇറാന്‍ ആക്രമണം നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും മസൂദ് പെഷസ്‌കിയാന്‍ വിശദമാക്കി. നിരുപാധികം കീഴടങ്ങണമെന്ന ഇറാന്റെ ആവശ്യം മസൂദ് പെഷസ്‌കിയാന്‍ വീണ്ടും തള്ളി. മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ ടെഹ്‌റാനു ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇനി ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്നും, ആ രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തില്ലെന്നും താല്‍ക്കാലിക നേതൃത്വ സമിതി അറിയിച്ചതായും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു.
