പാലക്കാട് കൊട്ടിക്കലാശം കഴിഞ്ഞ് പണമൊഴുക്ക്? ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്; തരുവാക്കുറിശ്ശിയില്‍ മരണവീട്ടിലെ സന്ദര്‍ശനത്തിന് പിന്നാലെ 5000 രൂപ നല്‍കി? വോട്ടിന് പണം ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട് വോട്ടിന് പണം ആരോപണം

Update: 2026-04-08 07:20 GMT

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട് മണ്ഡലത്തില്‍ പണമിടപാട് വിവാദം കൊഴുക്കുന്നു. കണ്ണാടി പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിന്റെ ദൃശ്യങ്ങളും യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംഭവത്തില്‍ ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ ഒരു വീട്ടിലെ വയോധികയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തരുവാക്കുറിശ്ശിയിലെ ഒരു മരണവീട് സന്ദര്‍ശിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും സംഘവും എത്തിയിരുന്നു. മരണവീട്ടിലെ സന്ദര്‍ശനത്തിന് ശേഷം തൊട്ടടുത്ത വീട്ടിലെത്തിയ സംഘം അവിടെയുള്ള വയോധികയുമായി സംസാരിക്കുകയും തുടര്‍ന്ന് 5000 രൂപ കൈമാറുകയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വോട്ടെടുപ്പിന് തൊട്ടുതലേന്ന് പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ആസൂത്രിതമായി പണം ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് യുഡിഎഫ് നീക്കം.

ആരോപണത്തിന് പിന്നാലെ, ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതായും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതായും വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നു. ശോഭാ സുരേന്ദ്രന്‍ എത്തിയ അതേ വാഹനത്തില്‍ തന്നെയുണ്ടായിരുന്ന പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി നേതാവും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പ്രമീളാ ശശിധരന്‍ അടക്കമുള്ള സംഘമാണ് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നത്. ദൃശ്യം പകര്‍ത്തിയവരോട് 'അടിച്ച് കരണക്കുറ്റി പൊളിക്കു'മെന്ന് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.


വീടുകളില്‍ പണം നല്‍കുന്നത് ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ ശോഭാ സുരേന്ദ്രന്‍ നേരിട്ട് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ തുനിയുകയും ചെയ്യുന്നതാണ് പുതിയ ദൃശ്യങ്ങളിലുള്ളത്. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ബിജെപി ആസൂത്രിത നീക്കം നടത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ക്കേ യുഡിഎഫും എല്‍ഡിഎഫും ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനില്‍ക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം (Representation of the People Act) കടുത്ത കുറ്റമാണ്. ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചേക്കും.

Tags:    

Similar News