'മറ്റുള്ളവർ നോക്കുമ്പോൾ ‍രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീ'; വിഷാദം കാരണം അഭിനയം നിർത്തി പോകാൻ ആലോചിച്ചു; ഉള്ളിലെ കനൽ മറ്റുള്ളവരെ കാണിക്കേണ്ടല്ലോ; തുറന്ന് പറഞ്ഞ് ആൻമരിയ

Update: 2026-01-06 10:22 GMT

കൊച്ചി: തൻ്റെ വ്യക്തിജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ സീരിയൽ താരം ആൻമരിയ. 'ദത്തുപുത്രി' എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ആൻമരിയ 'അരയന്നങ്ങളുടെ വീട്', 'ചാവറയച്ചൻ', 'മേഘസന്ദേശം', 'പൊന്നമ്പിളി', 'പ്രിയങ്കരി', 'ഒറ്റചിലമ്പ്', 'അമൃത വർഷിണി', 'മാമാട്ടിക്കുട്ടി', 'എൻ്റെ മാതാവ്' തുടങ്ങി നിരവധി സീരിയലുകളിലും ചില സിനിമകളിലും വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്.

അടുത്തിടെ ഫുഡ് വ്ലോഗറായ ഷാൻ ജിയോയുമായുള്ള തൻ്റെ വേർപിരിയൽ ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മകളാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്നും അവളുടെ പിന്തുണയെക്കുറിച്ചും ആൻമരിയ അഭിമുഖത്തിൽ പറഞ്ഞു. മകൾക്ക് തൻ്റെ വികാരങ്ങൾ മനസ്സിലാകുമെന്നും, തനിക്ക് മൂന്നര വയസ്സുള്ളപ്പോൾ ആദ്യ ഭർത്താവുമായി പിരിഞ്ഞതുമുതൽ തൻ്റെ കഷ്ടപ്പാടുകൾ അവൾ കണ്ടിട്ടുണ്ടെന്നും താരം ഓർമ്മിപ്പിച്ചു.

ചെറുപ്പം മുതൽ താൻ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് വളർന്നതെന്നും ആൻമരിയ വെളിപ്പെടുത്തി. അമ്മയുടെയും അച്ഛന്റെയും കുടുംബങ്ങൾ സമ്പന്നരായിരുന്നിട്ടും അത്യാവശ്യ ഘട്ടങ്ങളിൽ തങ്ങൾക്ക് ഒറ്റപ്പെട്ടപോലെ തോന്നിയിരുന്നതായും അവർ സൂചിപ്പിച്ചു. താൻ പെട്ടെന്ന് ആളുകളുമായി അടുക്കുന്ന ആളാണെന്നും, എല്ലാം എല്ലാവരുമായി തുറന്നു സംസാരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ആദ്യമായി വിഷാദരോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വലിയ പിന്തുണ ലഭിച്ചതായും അവർ അനുസ്മരിച്ചു.

വിഷാദം കാരണം അഭിനയിക്കാൻ കഴിയുന്നില്ലെന്ന് ഒരുഘട്ടത്തിൽ താൻ പറഞ്ഞിരുന്നതായും, അഭിനയം നിർത്തി പോകുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നതായും ആൻമരിയ വെളിപ്പെടുത്തി. എന്നാൽ അടുത്തറിയാവുന്നവരുടെ പിന്തുണ കാരണം ആ തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നും അവർ കൂട്ടിച്ചേർത്തു. "മറ്റുള്ളവർ നോക്കുമ്പോൾ ‍രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീയാണ് ഞാൻ. പബ്ലിക്കിൽ സന്തോഷത്തോടെ പെരുമാറുമെങ്കിലും ഉള്ളിൽ കനലാണ്. മറ്റുള്ളവരെ ഒന്നും കാണിക്കേണ്ട കാര്യമില്ലല്ലോ" എന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആൻമരിയ പറഞ്ഞു.

Tags:    

Similar News