'ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ കഥയ്ക്കും കഥാപാത്രത്തിന്റെ പ്രാധാന്യം, ഇതിൽ അങ്ങനെയല്ല'; 'ഹൃദയപൂർവ്വം' തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സംഗീത് പ്രതാപ്
കൊച്ചി: സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവ്വം' എന്ന പുതിയ മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് യുവതാരം സംഗീത് പ്രതാപ്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ കഥയ്ക്കും കഥാപാത്രത്തിന്റെ പ്രാധാന്യത്തിനുമാണ് താൻ സാധാരണയായി മുൻഗണന നൽകുന്നതെങ്കിലും, 'മോഹൻലാലിനൊപ്പം' എന്ന വാക്ക് മാത്രമാണ് ഈ പ്രോജക്റ്റിൽ തന്നെ എത്തിച്ചതെന്ന് സംഗീത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിക്കുന്നത്. 'ഞാൻ അങ്ങനെ ചെയ്യാത്ത ഒരേയൊരു സിനിമയാണ് ഹൃദയപൂർവ്വം. അവിടെ സത്യൻ അന്തിക്കാട്- മോഹൻലാൽ എന്നുപറയുന്ന രണ്ടുപേരുകൾ സിനിമയോടുള്ള ഇഷ്ടം തോന്നിപ്പിച്ച പേരുകളാണ്. മോഹൻലാലിന്റെ കൂടെ എന്ന വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാൻ,' മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംഗീത് പ്രതാപ് പറഞ്ഞു.
ചിത്രത്തിലുടനീളം പ്രാധാന്യമുള്ള കഥാപാത്രമാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും, മോഹൻലാലുമായി കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തരുൺ മൂർത്തിയുടെ 'തുടരും' എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മാളവിക മോഹനനാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് തിരക്കഥ ഒരുക്കുന്നത്.
മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവർ അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ടി.പി. ബാലഗോപാലൻ എം.എ., നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ നിരവധി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ഏറെ ചർച്ചയായിട്ടുണ്ട്.