കുറെ നാളുകൾക്ക് ശേഷമാണ്..ഇങ്ങനെ ഒരു പൊതുവേദിയിൽ എത്തുന്നത്; അതിന്റെ പേടിയുണ്ട്; നിങ്ങളുടെ സ്‍നേഹത്തിന് മുന്നിൽ എനിക്ക് ഒന്നും പറയാനില്ല; ചർച്ചയായി നടി ഭാവനയുടെ വാക്കുകൾ

Update: 2026-01-15 06:50 GMT

റെ നാളുകൾക്ക് ശേഷം ഒരു പൊതുവേദിയിലേക്ക് മടങ്ങിയെത്തിയതിലെ ചെറിയ ഉത്കണ്ഠ പങ്കുവെച്ച് നടി ഭാവന. ജനുവരി 30-ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'അനോമി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാവന. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതും ശ്രദ്ധ നേടിയിരുന്നു.

പ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്നേഹനിധിയായ സ്വീകരണത്തിന് നന്ദി പറഞ്ഞ ഭാവന, സ്ട്രേയ്ഞ്ചർ തിങ്സ് ഇഷ്ടപ്പെടുന്നവർക്ക് 'അനോമി'യും ഇഷ്ടപ്പെടുമെന്ന് കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഒരു സയൻസ് ഫിക്ഷൻ എലമെന്റ് ഉണ്ടെന്നും മികച്ചൊരു തീയറ്റർ അനുഭവം നൽകാൻ ഇതിന് സാധിക്കുമെന്നും അവർ വ്യക്തമാക്കി. സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ഭാവന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടർന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെയും കഥ പറയുന്ന 'അനോമി', സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. അന്വേഷണാത്മക ത്രില്ലറിന് ആവശ്യമായ എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയോടൊപ്പം നടൻ റഹ്മാന്റെ സ്ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണമാണ്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്.

നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനോമി'. സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, പാരലൽ അന്വേഷണ സാധ്യതകളെ സർഗാത്മകമായി ഉപയോഗപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും ഇത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.

Tags:    

Similar News