എനിക്ക് അങ്ങനെ ഒരു ദുശ്ശീലം ഉണ്ട്; വളരെ ചെറുപ്പത്തിലേ ഉള്ളതാണ്; ഓരോ നിമിഷവും പല വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്; അനുഭവം പറഞ്ഞ് ഭാവന
മലയാള സിനിമയിലെ പ്രമുഖ നടി ഭാവന താൻ കടന്നുപോകുന്ന കടുത്ത വൈകാരിക സംഘർഷങ്ങളെയും "നിശബ്ദമായ പോരാട്ട"ത്തെയും കുറിച്ച് തുറന്നുപറഞ്ഞു. പുതിയ ചിത്രമായ 'അനോമി'യുടെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഒന്നരമാസത്തോളം വീടിന് പുറത്തിറങ്ങാതെ മാനസികമായി ഒറ്റപ്പെട്ട അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്ന് ഭാവന വെളിപ്പെടുത്തിയത്.
"പല വികാരങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ചില ദിവസങ്ങളിൽ താൻ സാധാരണ നിലയിലായിരിക്കും, ചിലപ്പോൾ അങ്ങനെയാകാൻ ശ്രമിക്കുകയായിരിക്കും, മറ്റു ചിലപ്പോൾ തീർത്തും പ്രതികൂലമായ അവസ്ഥയിലായിരിക്കും," ഭാവന പറഞ്ഞു. ചെറുപ്പത്തിൽ തന്നെ സിനിമാമേഖലയിലെത്തിയതുകൊണ്ടാവാം, എപ്പോഴും ചിരിച്ചും സന്തോഷത്തോടെയും കാണപ്പെടണം എന്നൊരു ചിന്ത മനസ്സിലുണ്ടെന്നും, പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ സന്തോഷം അഭിനയിക്കാൻ താൻ കൂടുതൽ പരിശ്രമിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇത് സ്വഭാവികമായി സംഭവിക്കുന്നതാണെങ്കിലും, തനിക്കിത് ചെയ്യാൻ ആഗ്രഹമില്ലെന്നും ഭാവന വ്യക്തമാക്കി.
കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ മറ്റാരെയും കാണാൻ താൻ തയ്യാറായിരുന്നില്ലെന്ന് ഭാവന വെളിപ്പെടുത്തി. "ഒന്നര മാസം ഞാൻ എൻ്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. ആളുകളെ കാണാനോ പുറത്തിറങ്ങാനോ തയ്യാറായില്ല. എന്നെ വിധിക്കില്ലെന്ന് ഉറപ്പുള്ളവരെ മാത്രമാണ് കണ്ടത്," അവർ പറഞ്ഞു. ഈ അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോൾ പോലും തനിക്ക് നെഞ്ചിടിപ്പുണ്ടാവുകയും ഒരു നിമിഷം ശൂന്യമായിപ്പോവുകയും ചെയ്തുവെന്നും, ചിരിക്കണോ വേണ്ടയോ എന്ന് സംശയമുണ്ടായെന്നും ഭാവന ഓർമിച്ചു.
എന്നാൽ, ഈ അവസ്ഥയിൽ എന്നെന്നും തുടരാൻ സാധിക്കില്ലെന്ന് തനിക്കറിയാമെന്നും, തൻ്റെ സിനിമ പുറത്തിറങ്ങാനുണ്ടെന്നും, അതിൽ തനിക്ക് വിശ്വാസമുണ്ടെന്നും, തൻ്റെ ടീമിനെ കൈവിടാൻ കഴിയില്ലെന്നും ഭാവന ഉറച്ച ശബ്ദത്തിൽ കൂട്ടിച്ചേർത്തു.