ആളുകൾ വിളിച്ചാൽ പോലും ഞാൻ 'നോ' പറയും; ഞാൻ അത് കഴിഞ്ഞ വർഷം തീരുമാനിച്ചതാണ്; ആ സമയം സുഖമില്ലാതെ കിടക്കുകയായിരുന്നു; തുറന്നുപറഞ്ഞ് ദേവി ചന്ദന
പ്രമുഖ സിനിമാ-സീരിയൽ താരം ദേവി ചന്ദന, താൻ മരിച്ചുവെന്ന് അടുത്തിടെ പ്രചരിച്ച വ്യാജ വാർത്തയെക്കുറിച്ച് മനസ്സ് തുറന്നു. വാർത്ത പ്രചരിക്കുന്ന സമയത്ത് താൻ രോഗബാധിതയായി കിടപ്പിലായിരുന്നുവെന്നും, ഭർത്താവ് കിഷോർ ഇത് കണ്ട് തന്നെ വിളിച്ച് മരണവാർത്തയുടെ നിജസ്ഥിതി അന്വേഷിച്ചുവെന്നും ദേവി ചന്ദന വെളിപ്പെടുത്തി.
പുതുവർഷത്തോട് അനുബന്ധിച്ച് ഭർത്താവ് കിഷോറിനൊപ്പം പുറത്തിറക്കിയ ഒരു വ്ലോഗിലാണ് ദേവി ചന്ദന ഈ അനുഭവം പങ്കുവെച്ചത്. "ഒരു ചാനലിൽ ഞാൻ മരിച്ചുവെന്ന് വാർത്ത വന്നു. ആ സമയത്ത് ഞാൻ സുഖമില്ലാതെ കിടക്കുകയായിരുന്നു. അത് കണ്ടിട്ട് കിഷോർ എന്നെ വിളിച്ച് 'നീ മരിച്ചോടോ' എന്ന് ചോദിച്ചു. ഞാൻ മരിച്ചിട്ടില്ല എന്ന് മറുപടി നൽകി," നടി പറഞ്ഞു.
കഴിഞ്ഞ വർഷം തനിക്ക് പാലിക്കാൻ കഴിയാതെപോയ പുതുവർഷ പ്രതിജ്ഞകളെക്കുറിച്ചും നടിയുടെ വാക്കുകളിൽ പരാമർശമുണ്ട്. സ്വയം പരിചരണത്തിന് മുൻഗണന നൽകുമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴിയാതെ വന്നതോടെ വർഷാവസാനമായപ്പോഴേക്കും ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നുവെന്നും ദേവി ചന്ദന കൂട്ടിച്ചേർത്തു. ഇതിനുശേഷം വീണ്ടും ആരോഗ്യത്തിനും ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകി തുടങ്ങിയതായും അവർ വ്യക്തമാക്കി.
പുതുവർഷം മൂകാംബിക അമ്പലത്തിൽ തീർത്ഥാടനത്തിന് പോയെന്നും, കൂടുതൽ ക്ഷേത്രങ്ങൾ സന്ദർശിച്ചുവെന്നും ദേവി ചന്ദന പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങളോട് 'നോ' പറയാനുള്ള തീരുമാനം ഒരു പരിധി വരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നും അവർ സൂചിപ്പിച്ചു. എന്നാൽ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനം നടപ്പായില്ലെന്നും, വാർത്തകൾ അറിയാനുള്ള ഏക ആശ്രയം ഫോണാണെന്നും അവർ കൂട്ടിച്ചേർത്തു. വാർത്താ ചാനലുകൾ എപ്പോഴും വിശ്വസനീയമല്ലെന്നും ദേവി ചന്ദന അഭിപ്രായപ്പെട്ടു.