'പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അനുസരണയുള്ള പട്ടിയാകാന്‍, വാലാട്ടി നില്‍ക്കണം, എഴുന്നേറ്റ് കുമ്പിടണം, പുറകെ മണപ്പിച്ച് നടക്കണം'; പെൺകുട്ടികൾ പൂച്ചയാകാൻ ശ്രമിക്കണം, അവ ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറില്ല; വിവാഹപ്രായം നിശ്ചയിക്കേണ്ടത് സ്ത്രീകൾ, അത് അടിച്ചേൽപ്പിക്കരുത്; പാട്രിയാര്‍ക്കിക്കെതിരെ നടി ജുവൽ മേരി
കൊച്ചി: പുരുഷാധിപത്യ സംവിധാനം പെൺകുട്ടികളെ 'പട്ടികളെപ്പോലെ' അനുസരണയുള്ളവരാകാൻ പഠിപ്പിക്കുന്നുവെന്ന് നടി ജുവൽ മേരി. മാഡിസം ഡിജിറ്റൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്. വിവാഹപ്രായം നിശ്ചയിക്കുന്നതും പെൺകുട്ടികൾ എങ്ങനെ പെരുമാറണമെന്ന് നിർദ്ദേശിക്കുന്നതും ഈ സംവിധാനമാണെന്ന് അവർ കുറ്റപ്പെടുത്തി.
'ലോകത്ത് പലയിടത്തും പെൺകുട്ടികൾ ഏത് പ്രായത്തിൽ വിവാഹം കഴിക്കണം എന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. ഏഴ് വയസ്സിൽ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരുണ്ട്, ഒമ്പത് വയസ്സ് നിയമപരമായി വിവാഹപ്രായം ആക്കണമെന്ന് വാദിക്കുന്ന രാജ്യങ്ങളുണ്ട്. ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത്? എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീയാണ്. വിവാഹം എന്നത് ഉള്ളിൽ നിന്നുള്ള തോന്നലിൽ നിന്ന് ഉണ്ടാകേണ്ടതാണ്, അല്ലാതെ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല,' ജുവൽ മേരി പറഞ്ഞു.
ഈ പുരുഷാധിപത്യ സംവിധാനം സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ പല പുരുഷന്മാർക്കും ഇത് തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. 'എന്നെപ്പോലുള്ള ഒരുപാട് പേർക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളായ പുരുഷന്മാരും ചോദിക്കാറുണ്ട്, 'ഞങ്ങളെ ആര് മനസ്സിലാക്കും?' എന്ന്. ഈ സംവിധാനം ഉണ്ടാക്കിയത് ആരാണ്? ഒരു പ്രായമാകുമ്പോഴേക്കും ജോലി ചെയ്ത് സമ്പാദിച്ച് വിവാഹം കഴിക്കണം, ഭാര്യയെയും കുട്ടികളെയും നോക്കണം, സ്വന്തം മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും നോക്കണം, വീട് വെക്കണം, വായ്പ എടുക്കണം, കാർ വാങ്ങണം, വർഷാവർഷം വിനോദയാത്ര പോകണം... ഈ ചെലവുകളും ബാധ്യതകളുമെല്ലാം പുരുഷന്മാരുടെ തലയിൽ കെട്ടിവെക്കുകയാണ് ചെയ്യുന്നത്,' അവർ വിശദീകരിച്ചു.
'സഹോദരങ്ങളെ, നമ്മൾ എതിർക്കുന്നത് നിങ്ങളെല്ല, നിങ്ങളെയും ഞങ്ങളെയും ഒരുപോലെ ദ്രോഹിക്കുന്ന ഈ വൃത്തികെട്ട സംവിധാനത്തെയാണ്. ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. എനിക്ക് ഒരു കുടുംബം വേണം, വിവാഹം കഴിക്കണം, പങ്കാളിക്ക് നല്ല വസ്ത്രം വാങ്ങി നൽകണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ സ്വാഭാവികമാണ്,' ജുവൽ മേരി കൂട്ടിച്ചേർത്തു.
അവർ തൻ്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: 'കുടുംബം പെൺകുട്ടികളെ പഠിപ്പിക്കുന്നത് പട്ടികളെപ്പോലെ അനുസരണയുള്ളവരാകാനാണ്. വാലാട്ടി നില്‍ക്കണം, യജമാനന്‍ വരുമ്പോള്‍ എഴുന്നേറ്റ് കുമ്പിടണം. ഇവരുടെ പുറകെ മണപ്പിച്ച് നടക്കണം. ഇവര്‍ എന്ത് എറിഞ്ഞാലും എടുത്ത് തിരിച്ചു കൊണ്ടു കൊടുക്കണം. എന്നാൽ അവനവനായിരിക്കുന്ന പൂച്ചയാകാനാണ് പെൺകുട്ടികൾ പഠിക്കേണ്ടത്. പൂച്ച സുന്ദരിയാണ്. വേണമെങ്കില്‍ അവിടെപ്പോയി തലോടണം. അതിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും പൂച്ചയായിരിക്കണം' ജുവൽ മേരി പറഞ്ഞു.
