എനിക്ക് അമ്മയുടെ രണ്ടാം വിവാഹം അംഗീകരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു; അന്ന് എനിക്ക് 10 വയസായിരുന്നു; അത് കാരണം ഞങ്ങൾ ചെറിയ അകല്‍ച്ചയിലായിരുന്നു; മനസ്സ് തുറന്ന് നടി ലിജോമോൾ
എക്കാലത്തെയും ഹിറ്റായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച നടിയാണ് ലിജോമോള്‍. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ്. തമിഴില്‍ ശിവപ്പ് മഞ്ഞള്‍ പച്ചൈ, ജയ് ഭീം എന്ന ചിത്രങ്ങളിലൂടേയും അവര്‍ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ, കുട്ടിക്കാലത്ത് താന്‍ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് താരം.
നടിയുടെ വാക്കുകൾ...
'അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് ഒന്നര വയസായിരുന്നു പ്രായം. അപ്പോള്‍ അമ്മ ഗര്‍ഭിണിയായിരുന്നു. എനിക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസും ഉള്ളപ്പോഴാണ് അമ്മ രണ്ടാമത് വിവാഹം കഴിക്കുന്നത്. രണ്ടാനച്ഛന്‍ എന്ന് പറയാന്‍ എനിക്ക് താത്പര്യമില്ല. ഞങ്ങള്‍ ഇച്ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ കുട്ടിക്കാലത്തെ ആദ്യത്തെ പത്ത് വര്‍ഷങ്ങളില്‍ അച്ഛന്‍ എന്ന് പറയുന്ന കാര്യം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഒരാള്‍ ഒരു ദിവസം ജീവിതത്തിലേക്ക് കയറി വരുന്നു. അദ്ദേഹം ഇനി നമ്മുടെ കൂടെയുണ്ടാകും, അദ്ദേഹത്തെ ഇനി ഇച്ചാച്ചന്‍ എന്ന് വിളിക്കണം എന്നൊക്കെ അമ്മ പറയുമ്പോള്‍ അത് സ്വീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അന്ന് എനിക്ക് അത്ര പ്രായമേയുള്ളു. അമ്മയുമായി ചെറിയ അകല്‍ച്ചയിലുമായിരുന്നു. വല്ല്യമ്മച്ചിയുടെ കൂടെയായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്. അനിയത്തി അമ്മയുടെ കൂടെയാണ് ഉറങ്ങിയിരുന്നത്. പഠിപ്പിക്കുന്നതൊക്കെ അമ്മയായിരുന്നു.
ഇച്ചാച്ചന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ അച്ഛന്റെ വീട്ടില്‍നിന്ന് പോന്നു. അത്രയും നാള്‍ നിന്ന ആ വീട്ടില്‍ നിന്ന് പോരുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അമ്മ ട്രാന്‍സ്ഫര്‍ വാങ്ങി വരികയായിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിച്ചതില്‍ അച്ഛന്റെ കുടുംബത്തില്‍ കുറേയേറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. കസിന്‍സും അങ്കിളും ആന്റിമാരും ഒന്നും മിണ്ടില്ല. ആ സമയത്ത് അവധിക്ക് പോകാന്‍ വീടൊന്നുമില്ല. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരിക്കും. അതുകൊണ്ട് ജീവിതത്തിലുണ്ടായ ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു.
അന്ന് അമ്മയോട് വ്യക്തിപരമായി ഒന്നും പറയാന്‍ പറ്റാതെയായി. അമ്മ അത് ഇച്ചാച്ചനോട് പറയുന്നത് ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇമോഷണലി ആവശ്യമുള്ള പിന്തുണയും ആ സമയത്ത് എനിക്ക് കിട്ടിയില്ല. അമ്മയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട തിരക്കുണ്ടായിരുന്നു. അമ്മ തിരിഞ്ഞുനോക്കിയിട്ടില്ലെന്നല്ല. നല്ല അമ്മ തന്നെയായിരുന്നു. എന്നാല്‍ ഞാന്‍ ആഗ്രഹിച്ച ഒരു പിന്തുണ കിട്ടിയിട്ടില്ല. അമ്മ ഭയങ്കരമായി സ്‌നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയല്ല.
അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തുവെന്നും അമ്മയ്ക്ക് എന്തൊക്കെ ബുദ്ധിമുട്ടുണ്ടായെന്നും ഡിഗ്രി ആയപ്പോഴേക്കും എനിക്ക് മനസിലായി. എനിക്ക് കൂടുതല്‍ അടുപ്പം അനിയത്തിയോടായിരുന്നു. എനിക്ക് തോന്നിയതുപോലെ അവള്‍ക്ക് തോന്നരുതെന്ന് നിര്‍ബന്ധമായിരുന്നു. അനിയത്തിക്ക് ഞാന്‍ പ്രൊട്ടക്ടീവ് ആയ ചേച്ചിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അറിയാം അമ്മ അന്ന് എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുത്തൂവെന്ന്. അവര്‍ വേറെ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നടി ലിജോമോൾ പറഞ്ഞു.