രാത്രികളിൽ അവർ ഉറങ്ങാതിരിക്കുന്നത് ഒരൊറ്റ ആവശ്യത്തിന് വേണ്ടി; പരിചയമില്ലാത്ത വഴികളിലൂടെ പോകുമ്പോൾ അവരെ കണ്ടാൽ പിന്നെ ആശ്വാസമാണ്; കേരള പോലീസിനെ കുറിച്ച് നടി മീനാക്ഷി

Update: 2026-01-02 03:45 GMT

കേരളാ പോലീസിനെ 'യഥാർത്ഥ ജീവിതത്തിലെ ഹീറോകൾ' എന്ന് വിശേഷിപ്പിച്ച് നടി മീനാക്ഷി അനൂപ് രംഗത്ത്. പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് മീനാക്ഷി, പോലീസിന്റെ സാന്നിധ്യം അപരിചിതമായ വഴികളിൽ നൽകുന്ന ആശ്വാസത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് എടുത്തുപറഞ്ഞത്. തന്റെ മനസ്സിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ സ്ഥാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമകളിലേതുപോലെ റീടേക്കുകളോ ഡ്യൂപ്പോ ഇല്ലാത്ത യഥാർത്ഥ ജീവിതത്തിലെ നായകന്മാരാണ് പോലീസുകാരെന്ന് മീനാക്ഷി പറയുന്നു. രാത്രിയാത്രകളിൽ, പ്രത്യേകിച്ച് പരിചയമില്ലാത്ത വഴികളിൽ ഒരു പോലീസ് ജീപ്പ് കാണുമ്പോൾ, "ഭയപ്പെടേണ്ട, ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്" എന്ന് അവർ പറയാതെ പറയുന്നതായി തോന്നാറുണ്ടെന്ന് നടി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. രാത്രികളിൽ പോലീസ് ഉറങ്ങാതിരിക്കുന്നത് സാധാരണക്കാർക്ക് സുഖമായി ഉറങ്ങാൻ വേണ്ടിയാണെന്നും അവർ ഓർമ്മിപ്പിച്ചു.

ക്രിസ്മസ്, പെരുന്നാൾ, ഓണം, പുതുവർഷം തുടങ്ങിയ ആഘോഷവേളകളിൽ ഡ്യൂട്ടിയിലായിരിക്കുന്ന പോലീസുകാരെ അവരുടെ വീടുകളിലെ മാതാപിതാക്കളും മക്കളും സഹോദരങ്ങളും മിസ്സ് ചെയ്യുന്നുണ്ടാകുമെന്നും മീനാക്ഷി വികാരപരമായി കുറിച്ചു. ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമായാൽ കേരളാ പോലീസ് സ്കോട്ട്ലൻഡ് യാർഡിനോട് പോലും കിടപിടിക്കുമെന്നും നടി അഭിപ്രായപ്പെട്ടു.

Tags:    

Similar News