ഇനിയുള്ളത് മൂന്ന് സിനിമകള്‍; ശേഷം എല്‍സിയു നിര്‍ത്തുന്നു; ആരാധകര്‍ക്ക് നിരാശ വാര്‍ത്തയുമായി ലോകേഷ് കനകരാജ്

Update: 2024-11-05 10:57 GMT

ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് രജനികാന്തിനെ നായകനാക്കിയൊരുക്കുന്ന കൂലി. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. എന്നാല്‍ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എല്‍സിയു) വിനെക്കുറിച്ച് അറിയാനാണ് സിനിമാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഏറെ താല്പര്യം.

ഇപ്പോഴിതാ എല്‍സിയു ആരാധകരെ നിരാശപ്പെടുത്തി കൊണ്ടുള്ള ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ലോകേഷ്. മൂന്ന് ചിത്രങ്ങളോടെ എല്‍സിയു അവസാനിപ്പിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.



എല്‍സിയുവിന്റെ ഭാഗമായി ഉടന്‍ തന്നെ കൈതി 2 ആരംഭിക്കുമെന്നും അതിന് ശേഷം റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ സിനിമ ചെയ്യുമെന്നും ലോകേഷ് പറഞ്ഞു. റോളക്സിന്റെ സിനിമ ചെയ്താല്‍ മാത്രമേ വിക്രം 2 ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എല്‍സിയു അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

2019 ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം കൈതിയിലൂടെയാണ് ലോകേഷ് എല്‍സിയുവിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ഈ യൂണിവേഴ്സ് തെന്നിന്ത്യ മുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്തു. വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയാണ് എല്‍സിയുവിന്റെ ഭാഗമായി ഒടുവില്‍ പുറത്തിറങ്ങിയത്.

അതേസമയം എല്‍സിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചാപ്റ്റര്‍ സീറോ എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

Tags:    

Similar News