'വിൽ മിസ് യുവർ മൂവി സർ'; 'ദളപതി കച്ചേരി' ഗാനത്തിന് ചുവടുവെച്ച് അജു വർഗീസ്; 'നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ' എന്ന് നിവിന്റെ കമന്റ്; ന്യൂയർ തൂക്കിയെന്ന് ആരാധകരും
കൊച്ചി: ദളപതി വിജയ് ചിത്രം 'ജന നായകൻ' സിനിമയിലെ 'ദളപതി കച്ചേരി' എന്ന ഗാനത്തിന് മലയാളത്തിന്റെ പ്രിയതാരം അജു വർഗീസ് ചുവടുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. അജുവിന്റെ നൃത്തച്ചുവടുകൾക്ക് നടൻ നിവിൻ പോളി നൽകിയ കമന്റാണ് ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' പൊങ്കൽ റിലീസായി ജനുവരി 9-ന് തിയറ്ററുകളിലെത്തും.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ദളപതി വിജയ്യുടെ അവസാന സിനിമയാണിത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലേഷ്യയിൽ നടന്ന 'ജന നായകന്റെ' ഓഡിയോ ലോഞ്ചിൽ വിജയ് നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിരുന്നു. 'വിൽ മിസ് യുവർ മൂവി സർ' എന്ന അടിക്കുറിപ്പോടെയാണ് അജു വർഗീസ് 'ദളപതി കച്ചേരി' ഗാനത്തിന് ചുവടുവെച്ച വീഡിയോ പങ്കുവെച്ചത്.
അജുവിന്റെ ഉറ്റ സുഹൃത്തായ നിവിൻ പോളിയുടെ കമന്റാണ് ആരാധകർക്കിടയിൽ ചിരി പടർത്തിയത്. "നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ" എന്നായിരുന്നു നിവിന്റെ കമന്റ്. ഇതിന് മറുപടിയായി "എന്നെ പ്രോത്സാഹിപ്പിക്കുകയാണല്ലേ" എന്ന് അജു ചോദിക്കുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
2025 അവസാനത്തോടെ ബോക്‌സ് ഓഫീസും ഇൻസ്റ്റഗ്രാമും അജുവും നിവിനും ചേർന്ന് തൂക്കിയെന്നും പലരും കുറിച്ചു. 'മലർവാടി ആർട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അജുവും നിവിനും, മലയാളി പ്രേക്ഷകരുടെ ഇഷ്ട കോംബോകളിലൊന്നാണ്. ഇവരുടെ അടുത്തിടെ പുറത്തിറങ്ങിയ അഖിൽ സത്യൻ ചിത്രം 'സർവ്വം മായ' മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
