'നീ കേരള ക്രൈം ഫയൽസ് ചെയ്യേണ്ട, ബോസ് ആൻഡ് കോ ചെയ്യൂ'; നിവിന്റെ ആ വാക്ക് എങ്ങാനും ഞാൻ കേട്ടിരുന്നെങ്കിൽ; ചിരി പടർത്തി അജു വർഗീസിന്റെ മറുപടി
കൊച്ചു: നിവിൻ പോളി ചിത്രം 'രാമചന്ദ്ര ബോസ് ആൻഡ് കോ'യിൽ തനിക്ക് ലഭിച്ച വേഷം നഷ്ടമായതിനെക്കുറിച്ച് മനസ്സ് തുറന്ന് നടൻ അജു വർഗീസ്. ‘കേരള ക്രൈം ഫയൽസ്’ എന്ന വെബ് സീരീസിന്റെ തിരക്കുകൾ മൂലമാണ് നിവിൻ പോളി ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതിരുന്നതെന്ന് താരം വെളിപ്പെടുത്തി.
പേർളി മാണി ഷോയിൽ 'സർവം മായ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അജു. 'ബോസ് ആൻഡ് കോയുടെ സമയത്ത് തീയതികൾ മാറിക്കൊണ്ടിരുന്നു. നിവിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, കാരണം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് കുറേ നാളായിരുന്നു. എന്നാൽ അതേ സമയത്ത് തന്നെയായിരുന്നു കേരള ക്രൈം ഫയൽസിന്റെ ഷൂട്ടിംഗും നടന്നത്,' അജു പറഞ്ഞു.
തമാശരൂപേണ അജു കൂട്ടിച്ചേർത്തു, 'ആ സമയത്ത് കേരള ക്രൈം ഫയൽസുമായി തീയതികൾ ക്ലാഷ് ആയി. 'നീ കെസിഎഫ് ചെയ്യേണ്ട, ബോസ് ആൻഡ് കോ ചെയ്യൂ' എന്ന് നിവിൻ എന്നോട് പറയുമായിരുന്നു. അത് എങ്ങാനും ഞാൻ കേട്ടിരുന്നെങ്കിൽ...' അജുവിന്റെ ഈ വാക്കുകൾ സദസ്സിൽ ചിരി പടർത്തി. ഈ വെളിപ്പെടുത്തൽ വാർത്തയാക്കാമോ എന്ന പേർളിയുടെ ചോദ്യത്തിന് 'തീർച്ചയായും' എന്നായിരുന്നു താരത്തിന്റെ മറുപടി.
ഹനീഫ് അദേനി സംവിധാനം ചെയ്ത 'രാമചന്ദ്ര ബോസ് ആൻഡ് കോ' 2023-ലാണ് പുറത്തിറങ്ങിയത്. നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം ഓണം റിലീസായി എത്തിയെങ്കിലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. അതേസമയം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ അജു വർഗീസിന്റെ 'കേരള ക്രൈം ഫയൽസ്' വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.