'ഇമോഷനുകൾക്ക് മാത്രം പ്രാധാന്യം നൽകിയ ഒരു ലളിതമായ സിനിമ'; വഴിമാറി പോയ മലയാള സിനിമയെ കൈ പിടിച്ച് വീട്ടിലേക്ക് ആക്കി; ഹരിഹരനിൽ നിന്ന് ലഭിച്ച പ്രശംസയെക്കുറിച്ച് അഖിൽ സത്യൻ
കൊച്ചി: നിവിൻ പോളി നായകനായ 'സർവ്വം മായ' ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. ആറ് വർഷത്തിന് ശേഷമാണ് നിവിൻ പോളിക്ക് ഒരു ബോക്സ് ഓഫീസ് വിജയം ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംവിധായകൻ അഖിൽ സത്യനും ഈ വിജയം നിർണായകമാണ്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സംവിധായകൻ അഖിൽ സത്യൻ പങ്കുവെച്ച വാക്കുകളും പ്രശസ്ത സംവിധായകൻ ഹരിഹരനിൽ നിന്ന് ലഭിച്ച അഭിനന്ദനവും വലിയ ശ്രദ്ധ നേടുകയാണ്.
'സർവ്വം മായ' കണ്ടതിന് ശേഷം ഹരിഹരൻ സാർ തന്നെ വിളിച്ച് "വഴിമാറി പോയ മലയാളം സിനിമയെ നീ കൈ പിടിച്ച് വീട്ടിലേക്ക് ആക്കി" എന്ന് പറഞ്ഞതായി അഖിൽ വെളിപ്പെടുത്തി. ഈ വിജയത്തിന് പ്രേക്ഷകരോടാണ് താൻ നന്ദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ലൗഡ് ആക്ഷനോ വലിയ ബഡ്ജറ്റോ ഇല്ലാതെ, മനുഷ്യന്റെ ഇമോഷനുകൾക്ക് മാത്രം പ്രാധാന്യം നൽകിയ ഒരു ലളിതമായ സിനിമയെ നിങ്ങൾ ഹിറ്റാക്കി മാറ്റിക്കാണിച്ചു," അഖിൽ സത്യൻ പറഞ്ഞു. സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിദ്ദിഖ്, ലാൽ ജോസ് തുടങ്ങിയവർ അണിയിച്ചൊരുക്കിയ സിനിമകളുടെ "സിനിമാറ്റിക് ഗ്രാമർ" പ്രേക്ഷകർ തിയേറ്ററിൽ വീണ്ടും തെളിയിച്ചെന്നും, ഇത്തരം സിനിമകൾ ഇനിയും പ്രതീക്ഷിക്കാമെന്നും അഖിൽ കൂട്ടിച്ചേർത്തു.
അഖിൽ സത്യന്റെ ആദ്യ ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. റിയ ഷിബുവാണ് 'സർവ്വം മായ'യിലെ നായിക. പ്രീതി മുകുന്ദൻ, അജു വർഗീസ്, ജനാർദ്ദനൻ, മധു വാര്യർ, രഘുനാഥ് പലേരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമുള്ള നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ട് ഏറെ ചിരി പടർത്തിയപ്പോൾ, നിവിൻ പോളി-റിയ ഷിബു കോമ്പോയും റിയ ഷിബുവിന്റെ പ്രകടനവും സിനിമയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.