'ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ചുവടുവയ്പ്പ്, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കാണുമ്പോൾ വളരെ സന്തോഷം'; ലോക’യെ അഭിനന്ദിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്
കൊച്ചി: കല്യാണി പ്രിയദർശൻ നായികയായ 'ലോക' എന്ന മലയാള സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രത്തിന്റെ പുതുമയേയും അവതരണത്തെയും അഭിനന്ദിച്ച് ആലിയ തന്റെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിൽ സന്തോഷമുണ്ടെന്നും അവർ കുറിച്ചു.
'പുരാണ നാടോടിക്കഥകളുടെയും നിഗൂഢതയുടെയും ഒരു പുതുമയുള്ള മിശ്രിതം! അതിന് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം. സിനിമയിലെ എന്റെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്!'' എന്നായിരുന്നു ആലിയ ഭട്ടിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. മികച്ച പ്രതികരണങ്ങൾക്കിടെ 'ലോക' മലയാള സിനിമാ ചരിത്രത്തിലെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി.
മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രവും, മൊത്തത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. നായിക കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ഇത്രയധികം ബോക്സ് ഓഫീസ് വിജയം നേടാനായത് അപൂർവ നേട്ടമായി വിലയിരുത്തപ്പെടുന്നു. മുപ്പത് കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ലോക'.