'അന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തിൽ കയറി ഒരു നടി പ്രാർത്ഥിച്ചു; പിന്നീട് ഭയങ്കര വിവാദത്തിലേക്ക് പോവുകയും ചെയ്തു..!!'; റീൽസ് വിഷയത്തിൽ സംവിധായകൻ പറയുന്നത്

Update: 2025-08-28 13:06 GMT

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ച് വിവാദത്തിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് മുൻ താരവുമായ ജാസ്മിൻ ജാഫറിനെതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്ക വർധിക്കുന്നു. ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും പുണ്യാഹം നടത്തിയതിന് പിന്നാലെ, സംവിധായകൻ ആലപ്പി അഷ്‌റഫ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. 2006 ൽ നടി മീര ജാസ്മിൻ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രവേശിച്ചതും പിന്നീട് മാപ്പ് പറഞ്ഞ് പിഴയടച്ച് വിഷയം അവസാനിപ്പിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു.

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത രാജരാജേശ്വരി ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ച മീര ജാസ്മിന്റെ നടപടി അന്നത് വലിയ വിവാദമായിരുന്നു. മത വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന്, തെറ്റ് സമ്മതിച്ച് ശുദ്ധീകരണത്തിനായി പതിനായിരം രൂപ പിഴയൊടുക്കുകയായിരുന്നു. സമാനമായ രീതിയിൽ, ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാലുകഴുകി റീൽസ് ചിത്രീകരിച്ച ജാസ്മിൻ ജാഫറിന്റെ പ്രവൃത്തിയും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന പവിത്രക്കുളത്തിലാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്നും, വിവാഹം പോലുള്ള പ്രത്യേക ചടങ്ങുകൾക്ക് അനുമതി വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി. യേശുദാസിന് പോലും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, അനുമതിയില്ലാതെ ക്ഷേത്രപരിസരത്ത് പ്രവേശിച്ചുള്ള ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News