'ഗര്‍ഭിണിയായ ഭാര്യ അന്ന് വീടുവിട്ടിറങ്ങി, ഒടുവിൽ വയറിൽ കൈവെച്ച് കുടുംബമാണ് വലുതെന്ന് ഞാൻ സത്യം ചെയ്തു'; മനസുതുറന്ന് 'മക്കൾ സെൽവൻ' വിജയ് സേതുപതി
ചെന്നൈ: കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് വിജയ് സേതുപതി. സിനിമയിൽ അവസരം തേടി അലയുന്ന കാലത്ത് വിജയ് സേതുപതിയും ഭാര്യ ജെസിയും തമ്മിൽ കടുത്ത തർക്കങ്ങൾ പതിവായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്ത് തന്റെ സിനിമാ മോഹത്തെച്ചൊല്ലി ജെസി വീടുവിട്ടിറങ്ങിയ നിമിഷം താരം ഓർത്തെടുക്കുന്നു.
"ഞാൻ രഹസ്യമായി ഓഡീഷനുകൾക്ക് ഫോട്ടോകൾ അയക്കുമായിരുന്നു. ജെസി അതറിഞ്ഞു. അന്ന് അവൾ രണ്ടാമത് ഗർഭിണിയാണ്. ഇനി ഇവിടെ നിൽക്കില്ല, അമ്മയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അവൾ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ഞാൻ ഓടിച്ചെന്ന് അവളുടെ വയറിൽ കൈവെച്ച് സത്യം ചെയ്തു- ഇനി അഭിനയിക്കാൻ പോകില്ല, എനിക്ക് കുടുംബമാണ് വലുത് എന്ന്," താരം പറയുന്നു.
കുടുംബത്തിന് നൽകിയ വാക്ക് പിന്നീട് അദ്ദേഹത്തിന് മാറ്റിവെക്കേണ്ടി വന്നു. ആ വാശി മാറ്റിവെച്ചതുകൊണ്ടാണ് ഇന്ന് ഇന്ത്യൻ സിനിമ ആഘോഷിക്കുന്ന നടനായി വിജയ് സേതുപതി വളർന്നത്. സേതുപതിയുടെയും ജെസിയുടെയും പ്രണയവും തികച്ചും സിനിമാറ്റിക്കാണ്. ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാലത്ത് യാഹു ചാറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. നേരിൽ കാണുന്നതിന് മുൻപേ തുടങ്ങിയ ആ സൗഹൃദം പ്രണയമായി വളർന്നു. വിവാഹശേഷമാണ് താരം ജോലി ഉപേക്ഷിച്ചു ചെന്നൈയിലേക്ക് തിരികെ വരുന്നത്.
തുടക്കത്തിൽ ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ച വിജയ് സേതുപതി പിന്നീട് 'തെൻമേർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ഇന്ന് തെന്നിന്ത്യ കടന്ന് ബോളിവുഡിലും തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.