'ആൾക്കൂട്ട ആക്രമണത്തിനെതിരെയാണ് പ്രതികരിച്ചത്'; തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല; ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യ അമേയ നായർ
കൊച്ചി: സീരിയൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ചിട്ട സംഭവത്തിൽ നടൻ ജിഷിൻ മോഹന്റെ പ്രതികരണം വലിയ വിമർശങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അപകടമുണ്ടായതിന് പിന്നാലെയുള്ള നാട്ടുകാരുടെ പ്രവൃത്തിയെയായിരുന്നു താരം അന്ന് വിമര്‍ശിച്ചത്. പിന്നാലെ കടുത്ത സൈബർ ആക്രമണവുമുണ്ടായി. സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടതോടെ വീണ്ടും ജിഷിനെതിരെ വീണ്ടും സൈബർ ആക്രമണം ഉണ്ടായി. സംഭവത്തിൽ ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമേയ നായർ രംഗത്തെത്തിയിരിക്കുകയാണ്.
എന്നാൽ, ആൾക്കൂട്ട ആക്രമണത്തെയാണ് തങ്ങൾ എതിർത്തതെന്നും സിദ്ധാർഥ് ചെയ്ത തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും നടി അമേയ നായർ നിലപാട് വ്യക്തമാക്കി. ജിഷിനും അമേയയും പങ്കുവെച്ച പുതുവത്സരാശംസകൾക്ക് താഴെ ശക്തമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കമന്റ് ബോക്സിലൂടെ അമേയ നിലപാട് വ്യക്തമാക്കിയത്. "ആരും ആരെയും തല്ലാനും കൊല്ലാനും ഇടിക്കാനും ഇടിപ്പിക്കാനും പാടില്ല എന്നാണ് പറഞ്ഞത്. ആ പറഞ്ഞതിൽ ഇപ്പോളും ഉറച്ചുനില്കുന്നു. ആൾക്കൂട്ട ആക്രമണത്തിനെതിരെ ആണ് പ്രതികരിച്ചത് തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല" എന്ന് അമേയ കുറിച്ചു.
ലോട്ടറി വിൽപ്പനക്കാരന് പരിക്കേറ്റയുടൻ ജിഷിൻ മോഹൻ സിദ്ധാർഥിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും, എന്നാൽ അപകടത്തെത്തുടർന്ന് നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് അന്ന് ജിഷിൻ വീഡിയോയിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെയും ജിഷിൻ സൈബർ ആക്രമണം നേരിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 24-ന് വൈകീട്ട് എം.സി. റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം.
മദ്യലഹരിയിൽ വാഹനം ഓടിച്ച സിദ്ധാർഥ് പ്രഭുവിന്റെ കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച് തമിഴ്നാട് സ്വദേശിയായ തങ്കരാജ് എന്ന ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അപകടമുണ്ടാക്കിയ സിദ്ധാർഥിന്റെ കൈയും കാലും ബന്ധിച്ച് ചിലർ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. "എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ" എന്ന് ആവർത്തിച്ച് പറയുന്ന സിദ്ധാർഥിനെയും വീഡിയോയിൽ കണ്ടിരുന്നു. ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ചാണ് സിദ്ധാർഥിനെ കസ്റ്റഡിയിലെടുത്തത്.
